ജോയിക്കായി രണ്ടാം ദിനവും തിരച്ചിൽ പുനഃരാരംഭിച്ചു : മാലിന്യം നീക്കാന്‍ കൂടുതല്‍ റോബോട്ടുകള്‍


തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസം പുനഃരാരംഭിച്ചു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് ജോയിയെ കാണാതായത്. രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫാണ് നേതൃത്വം നൽകുന്നത്. എൻഡിആർഎഫും റോബോട്ടിക് യന്ത്രവും തുരങ്കത്തിൽ ഇറങ്ങും.റോബോട്ടുകളെ എത്തിച്ചു നടത്തിയ രാത്രിയിലത്തെ തിരച്ചിലിലും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. എൻഡിആർഎഫിന്റെ നിർദേശപ്രകാരമാണ് 13 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം രാത്രി അവസാനിപ്പിച്ചത്.

ജോയിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മാൻഹോളിൽ റോബോട്ടിനെ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. മാലിന്യം മാറ്റാനായാണ് റോബോട്ടിക് സഹായം. ജോയിയെ കാണാതായിട്ട് പത്ത് മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു.പരിശോധനയ്ക്കിടെ അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റർ വരെ ഉള്ളിലേക്ക് ഒരു സംഘം സ്കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ടുപോകാൻ സാധിച്ചില്ല. സംരക്ഷണ വേലി പൊളിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകൾ കൊണ്ടു ടൺകണക്കിന് മാലിന്യം നീക്കിയശേഷമാണ് സ്കൂബാ ഡൈവിംഗ് സംഘത്തിനു പരിശോധന നടത്താനായത്. തുടർന്ന് റോബോട്ടിന്റെ സഹായം ഉപയോഗിക്കാൻ തീരുമാനിച്ചു. മാലിന്യം നീക്കി രാത്രിയിലും പരിശോധന തുടരുകയാണ്.

റെയിൽവേ പ്ലാറ്റ്‌ഫോമിലെ മാൻഹോളുകൾ തുറന്ന് പരിശോധിച്ചു. സ്റ്റാർട്ടപ്പ് സംരംഭമായ ജെന്റോബോട്ടിക്സ് ജല അതോറിറ്റിക്കു നിർമ്മിച്ച് നൽകിയ 'ബാൻഡികൂട്ട്' റോബോട്ട് ഉപയോഗിച്ച് രാത്രി 12 വരെ മാലിന്യം നീക്കി.മാലിന്യം നീക്കാൻ റെയിൽവേയുടെ കരാറെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയായി 3 ദിവസം മുമ്പാണ് ജോയി എത്തിയത്. 2 അതിഥി തൊഴിലാളികൾക്കൊപ്പമാണു ജോയി മാലിന്യം നീക്കാനിറങ്ങിയത്. കനത്ത മഴയിൽ തോട്ടിലെ വെള്ളം പെട്ടെന്ന് കൂടിയപ്പോൾ ഒഴുക്കിൽപെട്ട ജോയിക്കു കരയിൽ നിന്നിരുന്ന അതിഥി തൊഴിലാളികൾ കയർ എറിഞ്ഞുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. ഒരു സുരക്ഷാ മുൻകരുതലുമില്ലാതെയായിരുന്നു ജോലി. മാരായമുട്ടം വടകര മലഞ്ചരിവ് വീട്ടിൽ പരേതനായ നേശമണിയുടെയും മെൽഹിയുടെയും മകനാണു ജോയി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال