തൃശൂര്‍ : ഏറെ പ്രതീക്ഷകളോടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചത്' എന്ന തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിന്റെ തുറന്ന് പറച്ചിലോടെ കേരളത്തിലെ സി.പി.എം-ബി.ജെ.പി രഹസ്യകൂട്ടുകെട്ട് പരസ്യമായിരിക്കുകയാണ് കെപിസിസി സെക്രട്ടറിയും കൗൺസിലറുമായ ജോൺ ഡാനിയൽ പറഞ്ഞു. സി.പി.എമ്മിന്റെ ആസൂത്രിതമായ ശ്രമങ്ങളുടെ ഫലമായാണ് തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചത് എന്ന് സി.പി.എമ്മിന്റെ സ്വന്തം മേയര്‍ പരസ്യമായി തുറന്നു സമ്മതിച്ചിരിക്കുന്നത് മതേതര ജനാധിപത്യ രാഷ്ടീയ കേരളം ഗൗരവത്തോടെ കാണണം. തൃശൂരില്‍ പരാജയപ്പെട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ നേതാക്കള്‍ ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഇക്കാര്യം ചൂണ്ടിക്കാണിച്ചതുമാണ്.

പൊതുസമൂഹത്തിനു മുന്‍പില്‍ പരസ്യമായി സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്ന തൃശൂര്‍ മേയറെ ഇനിയും നഗരപിതാവിന്റെ പദവിയില്‍ തുടരാന്‍ സി.പി.എം അനുവദിക്കുന്നത് ദുരൂഹമാണ്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിലാകമാനം യു.ഡി.എഫിനെതിരെ ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് തുടരാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. അതിന്റെ ടെസ്റ്റ് ഡോസ് ആണ് തൃശൂര്‍ മേയറിലൂടെ തൃശൂരില്‍ സി.പി.എം പരീക്ഷിച്ചു നോക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാമുന്നണി കരുത്ത് തെളിയിച്ച സാഹചര്യത്തില്‍ കേരളത്തിലെ സി.പി.എം പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനെയും ഇതുമായി ചേര്‍ത്തുവായിക്കണം. ലോക്‌സഭയില്‍ പ്രതിപക്ഷം ശക്തിപ്പെട്ടതില്‍ ഇതുവരെ പരിഭ്രാന്തി പ്രകടിപ്പിച്ചിട്ടുള്ളത് ബി.ജെ.പിയും പിണറായി വിജയനും മാത്രമാണ്.
ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ പരസ്യമായി ആവശ്യപ്പെട്ടിട്ടു പോലും മേയറെ തിരുത്താനോ തള്ളിപ്പറയാനോ സി.പി.എം തയ്യാറാവാത്തത് സി.പി.ഐക്കുള്ള സന്ദേശം കൂടിയാണ്. അല്‍പ്പമെങ്കിലും രാഷ്ട്രീയ ആര്‍ജ്ജവവും ആത്മാഭിമാനവും ബാക്കിയുണ്ടെങ്കില്‍ ഇടതുമുന്നണിയില്‍ നിന്ന് സി.പി.ഐ പുറത്തു വരണം. മേയറെ എതിര്‍ക്കുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നു മേയറുടെ സാന്നിധ്യത്തില്‍ പ്രസംഗിച്ച സുരേഷ് ഗോപി എം.പിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും ജോണ്‍ ഡാനിയൽ ആവശ്യപ്പെട്ടു.
