വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസിൽ നടക്കുന്ന യുണിഡോസ്യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മൂക്കൊലിയും ചുമയും ഉൾപ്പെടെ ലക്ഷണങ്ങൾ പ്രകടമാണെന്നും പാക്സ്ലോവിഡിന്റെ ആദ്യ ഡോസ് അദ്ദേഹത്തിനു നൽകിയെന്നും ബൈഡനെ പരിചരിക്കുന്ന ഡോ. കെവിൻ ഒ'കോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ അറിയിച്ചു.
ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസലേഷനിൽ പ്രവേശിക്കുമെന്നും കരീൻ ജീൻ പിയർ വ്യക്തമാക്കി. "തനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ, എല്ലാവർക്കും രോഗസൗഖ്യത്തിന് ആശംസ നേർന്നതിനുള്ള നന്ദി അറിയിക്കുന്നു. ഞാൻ ഐസലേഷനിൽ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനങ്ങൾക്ക് വേണ്ടി ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമെന്നും" ബൈഡൻ തന്റെ ഔദ്യോഗിക എക്സ് (Twitter) അക്കൗണ്ടിൽ കുറിച്ചു.
പ്രായാധിക്യവും തുടർച്ചയായ നാവുപിഴയും ബൈഡനെ അലട്ടുന്ന സാഹചര്യത്തിൽ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് ബൈഡനെ കോവിഡ് ബാധിച്ചതിന്റെ വാർത്ത പുറത്ത് വന്നിരിക്കുന്നത്.

