മുംബൈ: മഹാരാഷ്ട്രയിൽ, ഗഡ്ചിരോളി ജില്ലയിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. 6 മണിക്കൂർ നീണ്ട ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽനിന്ന് നിരവധി ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഛത്തീസ്ഗഡ് അതിർത്തിയോടു ചേർന്ന വന്ദോലി ഗ്രാമത്തിനു സമീപം 15 മാവോയിസ്റ്റുകൾ ക്യാംപ് ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന്, ഗഡ്ചിരോളിയിൽ മഹാരാഷ്ട്ര പൊലീസിന്റെ തിരച്ചിൽ രാവിലെ പത്തോടെയാരംഭിച്ചു.
ഡപ്യൂട്ടി എസ്പിയുടെ നേതൃത്വത്തിൽ കാടിനുള്ളിൽ ഓപ്പറേഷൻ നടന്നു. ഉച്ചകഴിഞ്ഞാണ് മാവോയിസ്റ്റുകളുമായി വെടിവയ്പ് ആരംഭിച്ചത്. പരസ്പര വെടിവയ്പ് 6 മണിക്കൂറിലധികം നീണ്ടു.
മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ എസ്ഐക്കും ജവാനും പരുക്കേറ്റെങ്കിലും അവ ഗുരുതരമല്ലെന്ന് വിവരം. ഇവരെ തുടർ ചികിത്സയ്ക്കായി നാഗ്പുരിലേക്ക് മാറ്റി. 12 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തി.

ഓപ്പറേഷനിൽ 3 എകെ 47, 2 ഇൻസാസ്, 1 കാർബൈൻ, 1 എസ്എൽആർ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി. മാവോയിസ്റ്റ് ദളത്തിന്റെ ചുമതലയുള്ള വിശാൽ അത്രവും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മറ്റു 11 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
