സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; തുക വിനിയോഗ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി


കൊച്ചി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ബജറ്റില്‍ നീക്കിവച്ച തുക വിനിയോഗിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനോടു ഹൈക്കോടതി.

പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്നു ചൂണ്ടിക്കാട്ടി കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) അടക്കം നല്‍കിയിട്ടുള്ള ഹര്‍ജിയിലാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാന്‍റെ നിര്‍ദേശം. ഈ മാസം പത്തിനകം വിശദീകരണ പത്രിക സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി പത്തിനു പരിഗണിക്കാന്‍ മാറ്റി.


കേന്ദ്ര പദ്ധതി പ്രകാരം പ്രധാനാധ്യാപകര്‍ക്ക് മേല്‍നോട്ട ചുമതല മാത്രമാണുള്ളതെന്നും അതിനപ്പുറമുള്ള സാമ്പത്തിക ബാധ്യത പ്രധാനാധ്യാപകര്‍ ചുമക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കേസ് ഈ ഘട്ടത്തില്‍ തീര്‍പ്പാക്കുന്നത് പദ്ധതി നിലച്ചുപോകാനിടയാക്കുമെന്നും കുട്ടികളുടെ കാര്യമായതിനാല്‍ അതിനു മുതിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. 


പദ്ധതി തുടര്‍ന്ന് നടത്തുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ അടിയന്തരമായി തയാറാക്കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്നാണു വിശദീകരണം തേടിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال