ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുടെ ത്യാഗത്തെ കുടുംബാധിപത്യമെന്ന് പരിഹസിച്ചവര്‍ അധികാരം കൈമാറിയത് കുടുംബങ്ങളിലേക്കാണെന്ന് രാഹുല്‍ ഗാന്ധി. മൂന്നാം മന്ത്രിസഭയിലെ അംഗങ്ങളുടെ നിയമനത്തില്‍ നിന്ന് ഇത് മനസിലാകുമെന്ന് രാഹുല്‍ പറഞ്ഞു. അക്കൂട്ടത്തില്‍ മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ ഏതൊക്കെ നേതാക്കളുടെ ബന്ധുക്കളാണെന്ന പട്ടികയും രാഹുല്‍ എക്‌സില്‍ പങ്കുവെച്ചു. 20 നേതാക്കളുടെ പട്ടികയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
'പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും തലമുറകളെ കുടുംബവാഴ്ചയെന്ന് വിളിച്ചവര്‍ 'സര്‍ക്കാര്‍ കുടുംബങ്ങളിലേക്ക്' അധികാരം കൈമാറുന്നതാണ് കാണുന്നത്. വാക്കിലും പ്രവൃത്തിയിലുമുള്ള ഈ വ്യത്യാസത്തെയാണ് നരേന്ദ്ര മോദി എന്നു വിളിക്കുന്നത്'- രാഹുല്‍ കുറിച്ചു.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെ മകന്‍ എച്ച് ഡി കുമാരസ്വാമി, മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ കൊച്ചുമകന്‍ ജവന്ത് ചൗധരി, ബിഹാര്‍ മുഖ്യമന്ത്രി റാവോ കര്‍പൂരി താക്കൂറിന്റെ മകന്‍ റാം നാഥ് താക്കൂര്‍, ഹരിയാണ മുന്‍ മുഖ്യമന്ത്രി റാവോ ബിരേന്ദ്ര സിംഗിന്റെ മകന്‍ റാവോ ഇന്ദ്രജിത്ത് സിംഗ്, മുന്‍ ഉത്തര്‍പ്രദേശ് എംപി ജിതേന്ദ്ര പ്രസാദയുടെ മകന്‍ ജിതിന്‍ പ്രസാദ, മുന്‍ ഉത്തര്‍പ്രദേശ് മന്ത്രി മഹാരാജ് ആനന്ദ് സിംഗിന്റെ മകന്‍ കീര്‍ത്തി വര്‍ധന്‍ സിംഗ്, മാധവ റാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യ, മുന്‍ അരുണാചല്‍ സ്പീക്കര്‍ റിന്‍ചിന്‍ ഖാരുവിന്റെ മകന്‍ കിരണ്‍ റിജിജു, ഏക്‌നാഥ് ഷിന്‍ഡെയുടെ മരുമകള്‍ രക്ഷാ ഖഡ്‌സെ, റാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍, ജയശ്രീ ബാനര്‍ജിയുടെ മരുമകന്‍ ജെ പി നഡ്ഡ,ബി എസ് പി, അപ്നാദള്‍ സ്ഥാപകന്‍ ബഹുജന്‍ സോണലാല്‍ പട്ടേലിന്റെ മകള്‍ അനുപ്രിയ പട്ടേല്‍, ഓം പ്രകാശ് പാസ്വാന്റെ മകന്‍ കമലേഷ് പാസ്വാന്‍ തുടങ്ങിയ നേതാക്കളുടെ പേരാണ് രാഹുല്‍ പുറത്തുവിട്ടത്.
