ബംഗളൂരു: കൊലപാതകക്കേസില്‍ കന്നഡ നടി പവിത്ര ഗൗഡ അറസ്റ്റില്‍. ചിത്രദുര്‍ഗ സ്വദേശി രേണുകാ സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റിലായിരുന്നു. അതിനു പിന്നാലെയാണ് ദര്‍ശന്റെ സുഹൃത്തുകൂടിയായ പവിത്രയും അറസ്റ്റിലാകുന്നത്.
പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിനെ തുടര്‍ന്ന് രേണുകാ സ്വാമിയെ ദര്‍ശന്‍ ആളിനെ ഏര്‍പ്പാടാക്കി കൊലചെയ്യുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ മാസം ഒന്‍പതിനാണ് കാമാക്ഷിപാളയത്തെ ഓടയില്‍ നിന്ന് രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെടുത്തത്.
തുടര്‍ന്ന് പൊലീസ് അന്വേഷണത്തിനിടയില്‍ തങ്ങളാണ് മരണത്തിനു പിന്നിലെന്നും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തര്‍ക്കമാണ് കൊലചെയ്യാന്‍ കാരണമെന്നും അവകാശപ്പെട്ട് മൂന്നുപേര്‍ കീഴടങ്ങുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് നടന്‍ ദര്‍ശനാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടി പവിത്രയും അറസ്റ്റിലാകുന്നത്. ദര്‍ശനും പവിത്രയും പത്തു വര്‍ഷത്തോളമായി അടുത്ത സുഹൃത്തുക്കളാണ്.
