മരണക്കെണിയായി കുന്നംകുളം കോഴിക്കോട്‌ സംസ്ഥാന പാത



കുന്നംകുളം : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പെരുമ്പിലാവ്‌ കമ്പിപ്പാലം പാറേമ്പാടം മേഖലയിൽ റോഡിൽ പൊലിഞ്ഞത്‌ ഒരു ഡസൻ ജീവനുകളാണ്‌.റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും ശോചനീയാവസ്ഥയും ചെറുവാഹനങ്ങൾക്ക്‌ അപകടക്കെണി തീർക്കുമ്പോൾ മരണം ഉറപ്പാക്കാൻ ബസ്സുകളുടെയും ടോറസ്സുകളുടെയും മരണപ്പാച്ചിലും ഈ മേഖലയിലുണ്ട്‌.


അപകടങ്ങളിൽ ഏറ്റവും അവസ്സാനത്തേത്‌ ഇന്നലെ നടന്ന അപകടമാണ്‌‌. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമായിരുന്ന 24 വയസ്സുകാരനാണ്‌ ഇന്നലെ മരിച്ചത്‌. അമിത വേഗതയിൽ വന്ന ബസ്സ്‌ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ ബൈക്കിൽ സഞ്ചരിച്ചിരുന്ന കോട്ടോൽ സ്വദേശി അഭിഷിക്തിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.



ബസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങി മറ്റൊരു യുവാവ്‌ കൊല്ലപ്പെട്ടത്‌ മാസങ്ങൾക്ക്‌ മുൻപാണ്‌. കാപ്പ കേസ്‌ പ്രതികളുമായി സഞ്ചരിച്ചിരുന്ന പോലീസ്‌ ബസ്സ്‌ പിക്കപ്പുമായി കൂട്ടിയിടിച്ചതും ഈ മേഖലയിൽ തന്നെ. കാറും ടിപ്പറും കൂട്ടിയിടിച്ച്‌ പെരുമ്പിലാവിൽ മൂന്ന് കാർ യാത്രികർ മരിച്ചത്‌ ഒരു വർഷം മുൻപാണ്‌. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട്‌ ഡസനിലധികം വലിയ വാഹനാപകടങ്ങൾക്ക്‌ സാക്ഷ്യം വഹിച്ച മേഖലയിലാണ്‌ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട്‌‌ യുവാക്കൾ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച്‌ മരിച്ചത്‌.

പെരുമ്പിലാവ്‌ മുതൽ ചൂണ്ടൽ വരെ അപകടക്കെണിയുണ്ടെങ്കിലും കമ്പിപ്പാലം പാറേമ്പാടം മേഖല മരണക്കെണിയായി മാറിയിരിക്കുന്നു.


തിപ്പിലശ്ശേരി മേഖലയിലെ ക്രഷറികളിൽ നിന്നും ക്വാറികളിൽ നിന്നും പോകുന്ന നൂറ്‌ കണക്കിന്‌ ടോറസ്സുകളിൽ ഭൂരിഭാഗവും ഓടിക്കുന്നത്‌ യാതൊരു ഡ്രൈവിംഗ്‌ പരിജ്ഞാനവും ഇല്ലാത്ത അന്യ സംസ്ഥാന തൊഴിലാളികാണെന്നും ഇവർ റോഡിൽ ചെറുവാഹനങ്ങൾക്ക്‌ വൻ ഭീഷണി ഉയർത്തുന്നെന്നും ഒരുഭാഗം ആരോപിക്കുമ്പോൾ റോഡിൽ മരണം വിതക്കുന്നത്‌ ബസ്സുകളാണെന്നാണ്‌ മറ്റൊരു വാദം. തൃശ്ശൂരിൽ നിന്നും വടക്കൻ കേരളത്തിലേക്കുള്ള പ്രധാന പാത ആയതിനാൽ കണ്ണൂർ, വയനാട്‌, കോഴിക്കോട്‌ ബസ്സുകൾ തൃശ്ശൂർ മുതൽ ചൂണ്ടൽ വരെയുള്ള തകർന്ന റോഡിലെ സമയം തിരിച്ച്‌ പിടിക്കാൻ ഈ മേഖല ഉപയോഗിക്കുന്നത്‌ അപകടങ്ങൾക്ക്‌ വഴി വക്കുന്നുണ്ട്‌.



ജീവനുകൾ പൊലിയുന്നതിനപ്പുറം രണ്ട്‌ ഡസനിലധികം പേർക്ക്‌ ഗുരുതര പരിക്കുകൾ ഏൽപ്പിച്ച അപകടങ്ങളും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്‌. വാഹന പരിശോധനകളും വേഗത നിയന്ത്രിക്കാനുള്ള നടപടികളും കൈക്കൊള്ളേണ്ട മോട്ടോർ വാഹന വകുപ്പും, റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കേണ്ട പൊതുമരാമത്ത്‌ വകുപ്പും ഉറക്കത്തിലാണ്‌.


പാറേമ്പാടം കമ്പിപ്പാലം മേഖല മരണക്കെണിയുമായി കാത്തിരിക്കുന്നുണ്ട്‌ സൂക്ഷിക്കുക

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال