പെരുമ്പിലാവ് : 95ാം വയസ്സിലും കെട്ടിട നിർമ്മാണ ജോലികൾക്കായി മുടങ്ങാതെ പോകുന്ന പൂങ്കന്നം സ്വദേശിനി കത്രീന അൻസാർ സ്ക്കൂളിൻ്റെ മെയിൻ ഗേറ്റ് ഫില്ലറും അനുബന്ധ റോഡിൻ്റെ കോൺക്രീറ്റ് ജോലികൾക്കുമായി എത്തിയത് അൻസാർ കാമ്പസിൽ കൗതുകമായി . ഒറ്റപ്പിലാവ് സ്വദേശിയും ഹെബ ഹോളോബ്രിക്സ് ഉടമയും കോൺട്രാക്ടറു മായ കുഞ്ഞിപ്പാലുവിന്റെ കരാർ ജോലിക്കായാണ് കത്രിന പത്തോളം തൊഴിലാളികൾക്കൊപ്പം സ്കൂളിൽ എത്തിയത്.
അമ്പത്തിയഞ്ച് വർഷമായി കത്രീന കെട്ടിട നിർമ്മാണ ജോലികൾ എടുക്കുന്നു നാലുമക്കളിൽ ഒരാൾ മരിച്ചെങ്കിലും മക്കൾ ഒന്നടങ്കം അമ്മ ജോലിക്കു പോകണ്ടാ എന്നു പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. ജോലിക്ക് ഒരു ദിവസം പോകാതിരുന്നാലാണ് ക്ഷീണമന്നാണ് കത്രീനയുടെ അഭിപ്രായം ഇതോടെ മക്കൾ അമ്മയെ സ്വന്തമിഷ്ടത്തിനു വിട്ടു . ദിവസവും വെളുപ്പിന് വാർക്ക പണികൾക്കായി പോകും . കോൺക്രീറ്റ് മിക്സിങ്ങാണ് പണി . ഭർത്താവ് ബേബി 27 വർഷം മുൻപ് മരിച്ചു. മക്കളെ വളർത്താനാണ് ജോലിക്ക് പോയി തുടങ്ങിയത് .
പിന്നെ അത് നിർത്താതെ തുടർന്നു . ഇപ്പോൾ 55 വർഷം പിന്നിട്ടിരിക്കുന്നു. മുൻമുഖ്യമന്ത്രി കരുണാകരൻ, സൂപ്പർ സ്റ്റാർ മമ്മൂട്ടി , തുടങ്ങിയവരിൽ നിന്നും ആദരവുകൾ ഏറ്റു വാങ്ങിയിട്ടുണ്ട് .
സോഷ്യൽ മീഡിയകളിൽ കത്രീന അമ്മൂമ ഇപ്പോൾ വൈറലാണ് . മക്കളിൽ മൂത്ത മകന് 60 വയസ്സായി . അവർക്കില്ലാത്തത്ര ആരോഗ്യം കത്രീനക്കുണ്ട്. ജോലിക്കിടയിൽ കനത്ത ചൂടും കനത്ത മഴയും കത്രീനയ്ക്ക് പ്രശ്നമല്ലത്രേ .
മരണം വരെ ജോലിക്ക് പോകണമെന്നാണ് കത്രീനയുടെ ആഗ്രഹം. സ്വയം അധ്വാനിച്ചുണ്ടാക്കുന്ന തുക കൊണ്ട് ജീവിക്കുന്നതിൻ്റെ സംതൃപ്തിയുണ്ട് ഇപ്പോഴും ഈ തൊണ്ണൂറ്റിയഞ്ച് കാരിക്ക്.


