വേദനകളെ മറി കടക്കാൻ പുസ്തകങ്ങളിൽ ആശ്വാസം കണ്ടെത്തി ജയ്സൺ

ശാരീരിക അവശതകളെ വെല്ലുവിളിച്ച് പുസ്തകങ്ങളുടെ ലോകത്തെത്തി മാനസിക സന്തോഷം കണ്ടെത്തുന്ന ഒരു ലൈബ്രെറിയനെ നമുക്ക് പരിചയപ്പെടാം. നട്ടെല്ലിന്റെയും സന്ധികളുടെയും പ്രവർത്തനം നിലച്ച അവസ്ഥയിലും പുസ്തകങ്ങളുടെ ലോകത്ത് വേദനകൾ മറന്ന് ആശ്വാസം കണ്ടെത്തുകയാണ് തൃശൂർ എറവ് ഗ്രാമീണ വായനശാലയിലെ ലൈബ്രെറിയൻ ജൈസൺ.

സ്പോണ്ടിലൈറ്റിസ് എന്ന രോഗം ബാധിച്ച് നട്ടെല്ലിന്റെയും സന്ധികളുടെയും പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിയുന്ന വ്യക്തിയാണ് അരിമ്പൂർ പഞ്ചായത്തിൽ എറവ് ഗ്രാമീണ വായനശാലയിലെ ലൈബ്രേറിയൻ ഐനിക്കൽ വീട്ടിൽ ജയ്സൻ. അലൂമിനിയം ഫാബ്രിക്കേറ്ററായി ബംഗളൂരുവിൽ ജോലി നോക്കിയിരുന്ന സമയത്താണ് ജയ്സൻ രോഗബാധിതനാകുന്നത്. ജോലിയുപേക്ഷിച്ച് നാട്ടിലെത്തി ചികിത്സയും മറ്റുമായി അഞ്ച് വർഷം തള്ളിനീക്കി. ഓഫീസ് സംബന്ധമായ ജോലികൾ ചെയ്യാമെന്ന് വച്ചാൽ അധിക നേരം ഒറ്റയിരുപ്പ് പറ്റാത്തതിനാൽ ആ വഴിയും അടഞ്ഞു.



വീട്ടിൽ തളർന്നിരുന്ന ജയസന് ആശ്വാസമായിട്ടാണ് പുസ്തകങ്ങളെ പരിചരിക്കാൻ ഒരു പതിറ്റാണ്ടായി നിയോഗമുണ്ടായത്. വൈകീട്ട് 5 മുതൽ 9 വരെ വായനശാലയിൽ പ്രവർത്തിക്കാൻ വീട്ടിൽ വേണ്ട വിധം ആദ്യം വിശ്രമം വേണം. സുഹൃത്തുക്കൾ ആരുടെയെങ്കിലും ബൈക്കിൽ കയറി വായനശാലയിലെത്തും. പിന്നെ പുസ്തകങ്ങളുടെ ലോകത്ത് വേദനകൾ മറന്ന് സഞ്ചാരം.


അടുക്കും ചിട്ടയുമില്ലാതെ കിടന്നിരുന്ന വായനശാലയിലെ പുസ്തകങ്ങളെ ആൽഫബെറ്റിക്ക് ഓർഡറിൽ തരം തിരിച്ചതും ജയ്സനാണ്. നോവൽ, ചെറുകഥ, ചരിത്രം, ആത്മകഥ എന്നു വേണ്ട ഏതു പുസ്തകം തിരക്കി എത്തുന്നയാൾക്കും സമയനഷ്ടമില്ലാതെ പുസ്തകങ്ങൾ കണ്ടെത്താം. ലൈബ്രറി കൗൺസിലിൽ പോകാനും, പുറം കാര്യങ്ങൾക്കും ജയ്സന് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് വായനശാല കമ്മറ്റി അംഗങ്ങളാണ്.

ഏഴായിരത്തിലധികം പുസ്തകങ്ങൾ ഉണ്ടെങ്കിലും പുസ്തകം എടുക്കാനെത്തുന്നവർ കുറവാണെന്ന വിഷമം ജൈസനുണ്ട്. ലൈബ്രറി കൗൺസിൽ നൽകുന്ന നിർദേശ പ്രകാരം ആരോഗ്യം, വയോജനം, ലഹരി, ബാലവേദി തുടങ്ങിയവയുമായി ബന്ധപ്പെട്ട് പരിപാടികൾ സംഘടിപ്പിക്കാനും ജയ്സൻ മുന്നിലുണ്ട്. പരിമിതികളെ മറക്കാൻ അക്ഷരങ്ങളുടെ കൂട്ടുകാരനായി സ്വയം ആനന്ദം കണ്ടെത്തുകയാണ് ജയ്സൻ.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال