കുന്നംകുളം : നഗരസഭയുടെ ശുചിത്വമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കി ചേര്‍ത്തല നഗരസഭ. ചേര്‍ത്തല നഗരസഭ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്‍ഗവന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിത കര്‍മ്മസേനാംഗങ്ങളും ശുചീകരണ തൊഴിലാളികളുമടക്കം 53 പേരാണ് കുന്നംകുളത്തെത്തിയത്. നഗരസഭ ഓഫീസ്, സുഭിക്ഷ കാന്റീന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷമാണ് സംസ്ഥാനത്തെ മികച്ച മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്കില്‍ സംഘം എത്തിയത്.
തുടര്‍ന്ന് മാലിന്യ സംസ്കരണം, ചകിരി സംസ്കരണ യൂണിറ്റ്, വളം നിര്‍മ്മാണം തുടങ്ങിയവ ചേര്‍ത്തല നഗരസഭാംഗങ്ങള്‍ കണ്ടു മനസ്സിലാക്കി. ഗ്രീന്‍ ടെക്നോളജി പാര്‍ക്കില്‍ മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള ദൃശ്യാവതരണവും ആരോഗ്യവിഭാഗം ഒരുക്കിയിരുന്നു.
രാവിലെ മുതല്‍ നഗരസഭയിലെ ശുചിത്വ – മാലിന്യ സംസ്കരണ – നഗരസഭസൌന്ദര്യ പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കി നാലുമണിയോടെയാണ് അംഗങ്ങള്‍ മടങ്ങിയത്. കുന്നംകുളം നഗരസഭയിലെ മുന്‍ സെക്രട്ടറിയായിരുന്ന ടി.കെ സുജിത്താണ് നിലവില്‍ ചേര്‍ത്തല നഗരസഭയിലെ സെക്രട്ടറി.
നഗരസഭ കൌണ്‍സില്‍ ഹാളില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ത്തല നഗരസഭ അംഗങ്ങളെ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, ടി.സോമശേഖരന്‍, പി.കെ ഷെബീര്‍, സെക്രട്ടറി കെ.ബി വിശ്വനാഥന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി. മനോജ് കുമാര്‍, സി സി എം ആറ്റ്ലി പി. ജോണ്‍, എച്ച് ഐ മാരായ പി.എ വിനോദ്, രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു