തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ കൈയിലെ അണുബാധയില്‍ ചികിത്സാ പിഴവ് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്. ചികിത്സാ പിഴവില്‍ കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ലുക്കീമിയ കാരണമല്ലെന്ന് പാത്തോളജി ലാബ് റിപ്പോര്‍ട്ട്. കൈയിലെ അണുബാധയും കാന്‍സറും തമ്മില്‍ ബന്ധമില്ലെന്നും കയ്യിലെ രക്ത കുഴലുകളില്‍ രക്തം കട്ടപിടിച്ചതില്‍ ചികിത്സാപിഴവുണ്ടെന്നുമാണ് സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ കയ്യില്‍ ക്യാനുല വെച്ചത് നീരു വെച്ച് വീര്‍ക്കുകയും രക്ത കോശങ്ങളെ ബാധിക്കുകയും ചെയ്തു. അതാണ് അണുബാധയ്ക്ക് കാരണമായത്.
കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകന്‍ വിധാന്‍ ആണ് ചികിത്സയില്‍ കഴിയുന്നത്. കീമോയുടെ ഭാഗമായി ക്യാനുല വെച്ചതില്‍ പിഴവുണ്ടായെന്നായിരുന്നു മാതാപിതാക്കാള്‍ ഉയര്‍ത്തിയ പരാതി. ക്യാനുല വച്ച അതേ കയ്യില്‍ ബിപി മെഷീന്‍ വച്ച് പരിശോധിച്ചു. അതുമൂലം ഇടതുകൈയില്‍ അണുബാധ ഉണ്ടായി വീര്‍ത്തിട്ടും മതിയായ ചികിത്സ നല്‍കിയില്ലെന്നും കുടുംബം പറഞ്ഞിരുന്നു.
