ഗ്യാനേഷ് കുമാറിന്റെ രാജി : ദില്ലിയിൽ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരത്തിൽ സംഘർഷം


ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരം സംഘർഷഭരിതമായി. ഐസയുടെയും പൌരാവകാശ കൂട്ടായ്മകളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച സ്ത്രീകളെ പുരുഷ പോലീസ് കൈയേറ്റം ചെയ്തെന്നും, മോശമായി പെരുമാറിയെന്നും പരാതി ഉയർന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ ജന്തർ മന്തറിൽ പ്രതിഷേധക്കാരെ കയറ്റില്ലെന്ന നിലപാട് തുടരുകയാണ് ദില്ലി പോലീസ്. കനത്ത സുരക്ഷാ വിന്യാസം ജന്തർമന്തർ പരിസരത്ത് തുടരുകയാണ്. ഉച്ചയോടെയാണ് സിപിഐഎംഎല്ലിന്റെ വിദ്യാർത്ഥി സംഘടനയായ ഐസ പ്രതിഷേധവുമായി എത്തിയത്. നേഹ ബോറയുടെ നേതൃത്ത്വത്തിൽ എത്തിയ വിദ്യാർത്ഥികൾക്കൊപ്പം കപിൽ സിബൽ, യോഗേന്ദ്ര യാദവ് അടക്കമുള്ള പൗരാവകാശ പ്രവർത്തകരും എത്തി. എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. പലരെയും റോഡിൽ വലിച്ചിഴച്ചു. വനിതാ പ്രവർത്തകരെ പുരുഷ പോലീസാണ് വലിച്ചിഴച്ച് കൊണ്ടുപോയത്. പോലീസ് മോശമായി പെരുമാറിയെന്നും സമരക്കാർ പരാതിപ്പെട്ടു
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال