തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ പ്രതി ചേര്‍ത്തു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമന ക്രമക്കേടിലാണ് കേസ്. എം ആര്‍ ബൈജുവിനെ കൂടാതെ പിഎസ്‌സി അംഗങ്ങളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
പ്രതികള്‍ ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കി അന്യായ നേട്ടം ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിലൂടെ പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തി. അധികാര ദുര്‍വിനിയോഗം ചെയ്ത് യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയ എന്നും എഫ്‌ഐആറിലുണ്ട്. എഫ്‌ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
എം ആര്‍ ബൈജുവിനെയും അംഗങ്ങളെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ള സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആസൂത്രണബോര്‍ഡ് പരീക്ഷയില്‍ പിഎസ്സിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ക്കുവന്ന സാങ്കേതികപ്പിഴവാണെന്നുമായിരുന്നു ചെയര്‍മാന്റെ വാദം. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന ആളെ തീരുമാനിക്കാനും അഭിമുഖത്തിനുള്ള അംഗങ്ങളെ നിര്‍ദേശിക്കാനും അധികാരമുണ്ടെന്നും അഭിമുഖത്തിന്റെ മാര്‍ക്ക് 40-ല്‍നിന്ന് 25 ആക്കിയത് തന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും ചെയര്‍മാന്‍ മൊഴി നല്‍കിയിരുന്നു.
