തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെപ്പ് ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പൊതു അവധി ബാധകമായിരിക്കും.
വാരാന്ത്യ ദിനങ്ങളായ ശനി, ഞായർ ദിവസങ്ങൾക്ക് പുറമേ തിങ്കളാഴ്ച അവധി കൂടി വരുന്നതോടെ പൂജാവെപ്പ്, മഹാനവമി, വിജയദശമി ആഘോഷങ്ങൾക്കായി തുടർച്ചയായ 5 ദിവസത്തെ നീണ്ട അവധിയാണ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ലഭിക്കുന്നത്.
