കൊച്ചി: മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി. ചോറ്റാനിക്കര കോടതിയിൽ തുടങ്ങാനിരിക്കുന്ന വിചാരണ തടയണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ ആറുമാസത്തിൽ പൂർത്തിയാക്കാൻ ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി നിർദേശം നല്‍കി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
ചോറ്റാനിക്കര കോടതിയിൽ ഉള്ളതും വയനാട്ടിലെയും കേസുകൾ ഒരേ കുറ്റകൃത്യങ്ങളിൽ ഉള്ളതാണെന്നും ഇവ ഒരുമിച്ച് വിചാരണ നടത്തണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. കേസിലെ കുറ്റപ്പത്രം വായിച്ച് കേൾപ്പിക്കാനായി നേരിട്ട് ഹാജരാകാൻ പ്രതികൾക്ക് ചോറ്റാനിക്കര കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതികളുടെ നീക്കം. തങ്ങൾക്കെതിരെ വയനാട്ടിലും ചോറ്റാനിക്കരയിലുമുള്ളത്. ഒരേ കുറ്റകൃത്യത്തിന്മേലുള്ള കേസുകളാണെന്നും ഇതെല്ലാം ഒന്നായി പരിഗണിക്കണമെന്നുമാണ് പ്രതികൾ ആവശ്യപ്പെട്ടത്. എന്നാൽ, ചോറ്റാനിക്കരയിലെ വഞ്ചനാക്കേസിന് വയനാട് മരം മരംമുറി കേസുമായി ബന്ധമില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് മുറിച്ച് കടത്തിയമരം, മതിയായ രേഖകൾ ഉണ്ടെന്ന് തെറ്റദ്ധരിപ്പിച്ച് പടമുകളിലെ തടി വ്യാപരിക്ക് റോജി അഗസ്റ്റിനും ജോസുട്ടി അഗസ്റ്റിനും ആന്‍റോ അഗസ്റ്റിനും വിറ്റിരുന്നു. മരം പിന്നീട് വനംവകുപ്പ് കണ്ടുകെട്ടി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വഞ്ചനാക്കേസെടുത്തത്. ശനിയാഴ്ചയാണ് ചോറ്റാനിക്കര കോടതി ഇനി കേസ് പരിഗണിക്കുന്നത്.