തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്നിട്ടുണ്ട്. പുനലൂരിലാണ് ശനിയാഴ്ച ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പുനലൂരിലെ താപനില. ഇത് സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് അധികമാണ്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ താപനില ഉയർന്ന നിലയിലാണ്. യു വി ഇൻഡക്സ് ഏഴ് മുതൽ എട്ട് വരെയായി. സൂപ്പർ എൽനിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങൾ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികൾ ലംബമായി കേരളത്തിൽ പതിക്കുന്ന സമയവും ചൂട് വർധിപ്പിക്കുന്നുണ്ട്.