പത്തനംതിട്ട: ശാസ്താംകോട്ട പൊലീസിനെതിരെ അടൂർ സ്വദേശിയായ ദളിത് യുവാവ് ഉന്നയിച്ച മർദ്ദന പരാതി ശരിവെച്ച് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. പൊലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്ത് പത്തനംതിട്ട എസ്പി ഐ.ജിക്ക് റിപ്പോർട്ട് നൽകി. കേസിൽ പ്രതിയായ ഇളയസഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ, കാറിൽ കയറ്റിക്കൊണ്ടുപോയി ജനനേന്ദ്രിയം ഇടിച്ചു തകർത്തെന്നായിരുന്നു 23 കാരന്‍റെ പരാതി.
പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചാണ് ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാർ അടൂരിലെത്തിയത്. അനിയനെ കണ്ടെത്താനെന്ന പേരിൽ ചേട്ടനെ സ്വകാര്യകാറിൽ കയറ്റികൊണ്ടുപോയി. പലസ്ഥലങ്ങളിലായുള്ള യാത്രയ്ക്കിടെ ജനനേന്ദ്രിയം ഉൾപ്പെടെ ഇടിച്ചുതകർത്തെന്നായിരുന്നു പരാതി. മെയ് 29 ന് നടന്ന സംഭവത്തിന്‍റെ മെഡി. രേഖകളും തെളിവായി പുറത്തുവന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചിനെ പ്രാഥമിക അന്വേഷണത്തിന് പത്തനംതിട്ട എസ്പി നിയോഗിച്ചു. അന്വേഷണത്തിൽ പൊലീസ് വീഴ്ച കണ്ടെത്തി. ശക്തമായ നടപടി ആവശ്യപ്പെട്ട് മുൻമന്ത്രി പി. പ്രസാദും ആഭ്യന്ത്ര മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് എസ്ഐടി രൂപീകരിക്കാൻ രമേശ് ചെന്നിത്തല നിർദേശം നൽകി. ശാസ്താംകോട്ട പൊലീസിനെതിരായ അച്ചടക്കനടപടിയും എസ്ഐടി രൂപീകരണഉത്തരവും ഉടൻ പുറത്തിറങ്ങും.