തിരുവനന്തപുരം: ലോക കേരളസഭ തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇത് യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച രീതിയിൽ ലോക കേരളസഭയുടെ ആറാം എഡിഷൻ നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
ആറാം ലോക കേരളസഭയ്ക്കായി ഒരു രൂപ പോലും സർക്കാർ വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഓഫീസ് നടത്തിപ്പിനുള്ള ഭരണപരമായ ചെലവുകൾക്കും നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കുമാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളത്.
പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ലോക കേരള സഭയ്ക്കെതിരെ രൂക്ഷ വിമര്‍ശനം വി.ഡി.സതീശൻ ഉന്നയിച്ചിരുന്നു.