കുന്നംകുളം നഗരത്തിലെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള അശാസ്ത്രീയമായ ട്രാഫിക് ബോർഡുകൾ യാത്രക്കാരെയും പൊതുജനങ്ങളെയും കടുത്ത ആശയക്കുഴപ്പത്തിലാക്കുന്നു. വൺവേ നിയന്ത്രണങ്ങൾക്കായി സ്ഥാപിച്ച പല ബോർഡുകളിലും ഇരുവശത്തും ‘നോ എൻട്രി’ ചിഹ്നം ഉപയോഗിച്ചത് യാത്രക്കാരെ കുഴക്കുന്നു. ബോർഡിലെ നിർദ്ദേശപ്രകാരം ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിയേണ്ട അവസ്ഥയാണ്. കോഴിക്കോട് ഭാഗത്തുനിന്നും വരുന്നവർക്ക് മാർക്കറ്റ് റോഡിലേക്ക് തിരിയാൻ സാധിക്കുമെങ്കിലും, കുന്നംകുളത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബോർഡിലെ നിർദ്ദേശം പിന്തുടർന്നാൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കോ പറമ്പിലേക്കോ കയറേണ്ടി വരുന്ന വിചിത്രമായ സ്ഥിതിയാണുള്ളത്.നോ എൻട്രി’ നൽകിയിരിക്കെത്തന്നെ, തൊട്ടുതാഴെ ഇരുചക്ര–മുച്ചക്ര വാഹനങ്ങൾക്ക് നേരെ സഞ്ചരിക്കാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
കൃത്യമായ പരിശോധനകളോ ട്രാഫിക് മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത്. ബോർഡിലെ ട്രാഫിക് നിർദ്ദേശങ്ങളേക്കാൾ കൂടുതൽ പ്രാധാന്യവും വലിപ്പവും നൽകിയിരിക്കുന്നത് കച്ചവട സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്കാണ്. റോഡിന് നടുവിൽ മാസങ്ങളോളം സൗജന്യമായി അല്ലെങ്കിൽ ചുരുങ്ങിയ ചിലവിൽ പരസ്യം പ്രദർശിപ്പിക്കാനുള്ള മാർഗ്ഗമായി ട്രാഫിക് ബോർഡുകളെ സ്ഥാപനങ്ങൾ മാറ്റിയെടുക്കുന്നു.
സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്ക് പകരം സർക്കാരിൻ്റെ റോഡ് സുരക്ഷാ ബോധവൽക്കരണങ്ങൾ, നഗരസഭയുടെ ശുചിത്വ-മാലിന്യ സംസ്കരണ അറിയിപ്പുകൾ, അടിയന്തര ഹെൽപ്പ്‌ലൈൻ വിവരങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ ഈ ഇടം വിനിയോഗിക്കാമെന്നിരിക്കെ, അധികാരികൾ ഇക്കാര്യം പൂർണ്ണമായി അവഗണിക്കുകയാണ്.
ട്രാഫിക് സുരക്ഷയെയും യാത്രാ ക്രമീകരണങ്ങളെയും വെറും പരസ്യക്കച്ചവടമാക്കി മാറ്റുന്ന ഇത്തരം നടപടികൾ തിരുത്താൻ ബന്ധപ്പെട്ട നഗരസഭാ അധികൃതരും ട്രാഫിക് പോലീസും അടിയന്തരമായി ഇടപെടേണ്ടതുണ്ട്.