കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ക്ഷേത്ര ഉപദേശകസമിതിയുടെ പരാതി സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ദേവസ്വം കമ്മീഷണർ ഉത്തരവിട്ടു. ദേവസ്വം ഓഫീസറുടെ വിശദീകരണം ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് വിജിലൻസ് ഓഫീസർക്ക് (ഇൻചാർജ്) നിർദ്ദേശം നൽകിയിരിക്കുന്നത്. 2025-26 ലെ ഉത്സവവുമായി ബന്ധപ്പെട്ട കണക്കുകൾ ദേവസ്വം ഓഫീസർ അവതരിപ്പിക്കുകയോ അംഗീകരിച്ച് പാസ്സാക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ഉപദേശക സമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ പകർപ്പ് സഹിതം ദേവസ്വം കമ്മീഷണർക്കും സമിതി പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ദേവസ്വം വിജിലൻസിനോട് വിഷയം സമഗ്രമായി അന്വേഷിക്കാൻ ഉത്തരവിട്ടത്.
ഉത്സവത്തിന്റെ വരവ്-ചെലവ് കണക്കുകൾ അടിയന്തരമായി ഓഡിറ്റ് ചെയ്യുന്നതിനായി സമിതി ഓഡിറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിനും അന്വേഷണത്തിനുമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഓഡിറ്റിന് ആവശ്യമായ എല്ലാ കണക്കുകളും അനുബന്ധ രേഖകളും രജിസ്റ്ററുകളും ഓഡിറ്റ് വിഭാഗത്തിന് മുന്നിൽ പരിശോധനയ്ക്കായി ദേവസ്വം ഓഫീസർ ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരിയിൽ നടന്ന ക്ഷേത്രോത്സവത്തിന്റെ കണക്കുകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ഓഫീസർ അഖിൽ ദാമോദരനും ഉപദേശക സമിതിയും തമ്മിൽ മാസങ്ങളായി തർക്കം നിലനിൽക്കുകയാണ്. ഏകദേശം മൂന്ന് കോടിയിലധികം രൂപ പിരിച്ചെടുത്ത ഉത്സവത്തിന്റെ സാമ്പത്തിക രേഖകളിൽ തിരിമറി നടത്താൻ മൂന്നാം കക്ഷികളെ ഉപയോഗിച്ച് ശ്രമിച്ചെന്നാണ് സമിതിയുടെ പ്രധാന ആരോപണം. ദേവസ്വം ഭരണവുമായി നേരിട്ട് ബന്ധമില്ലാത്ത സ്വതന്ത്ര ഏജൻസിയെക്കൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ അടിയന്തരമായി ഓഡിറ്റ് ചെയ്യിക്കണമെന്നും ഉപദേശക സമിതി ദേവസ്വം കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിവൈരാഗ്യം മൂലം ഉന്നയിക്കുന്നതാണെന്ന് ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ വ്യക്തമാക്കി. ബൈലോ പ്രകാരം ഉത്സവ കണക്കുകൾ പൂർത്തിയാക്കി അംഗീകാരം വാങ്ങേണ്ട ഉത്തരവാദിത്തം ഉപദേശക സമിതി സെക്രട്ടറിക്ക് ആണെന്നും ദേവസ്വം ഓഫീസറുടെ ചുമതല സഹായം നൽകൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 16-ഓടെ കണക്കുകൾ സമർപ്പിക്കാൻ തയ്യാറാണെന്ന് സമിതിയെ അറിയിച്ചിട്ടും ധൃതിപിടിച്ച് തനിക്കെതിരെ പ്രമേയം പാസാക്കുകയായിരുന്നു എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.