ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം: പ്രത്യേക അന്വേഷണ സംഘത്തിന് യാതൊരു സൂചനയുമില്ല


കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ എവിടെയെന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന് യാതൊരു സൂചനയുമില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ശിവസൂര്യയുടെ അച്ഛൻ ജിഗീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് സംശയിക്കുന്നതായും അച്ഛൻ പറയുന്നു. ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് അച്ഛൻ ഉന്നയിക്കുന്നത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണ് ആവശ്യം. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിലാണ് ശിവസൂര്യ വീട് വിട്ട് ഇറങ്ങിയത്.

ഒടുവിൽ ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് സൂചനകളൊന്നുമില്ല. യുപി പൊലീസിന്റെ സഹായത്തോടെ 100ലേറെ സിസിടിവി ക്യാമറകളാണ് പരിശോധിച്ചത്. മലയാളി അസോസിയേഷൻ പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു. മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിൽ കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്.

കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തിൽ പലയിടങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല. പ്രത്യേക സംഘം രൂപീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ് ഐ ആർ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തിൽ എട്ട് പേരാണ് ഉള്ളത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال