കുന്നംകുളം: കുന്നംകുളം നഗരസഭയിലെ തെക്കേപ്പുറം ശ്രീ മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിൽ കഴിഞ്ഞ രാത്രി നടന്ന വിഗ്രഹ മോഷണത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എ എ.സി. മൊയ്തീൻ ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു. സംഭവത്തിന് പിന്നിലുള്ളവരെ എത്രയും വേഗം പിടികൂടാനും മോഷ്ടിക്കപ്പെട്ട വിഗ്രഹം വീണ്ടെടുക്കാനും ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) അടിയന്തരമായി നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രത്തിലെ പ്രധാന വിഗ്രഹമാണ് സാമൂഹികവിരുദ്ധർ മോഷ്ടിച്ചുകൊണ്ടുപോയത്. വിവരമറിഞ്ഞയുടൻ കുന്നംകുളം എം.എൽ.എ എ.സി. മൊയ്തീൻ ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ നേരിൽ വിലയിരുത്തി. ക്ഷേത്ര ഭാരവാഹികളോടും ഭക്തജനങ്ങളോടും നാട്ടുകാരോടും അദ്ദേഹം സംസാരിക്കുകയും വിഷയത്തിൽ സമഗ്ര അന്വേഷണം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സർക്കാർ ഇടപെടലുകളും നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
സംഭവസ്ഥലത്ത് പ്രാദേശിക പോലീസിന് പുറമെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും എത്തി വിശദമായ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ തിരുവോണദിവസം രാത്രി തൊട്ടടുത്തുള്ള വാഴപ്പുള്ളി കുടുംബക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നതിന് പിന്നാലെയാണ് തൊട്ടടുത്ത പ്രദേശത്ത് വീണ്ടും ക്ഷേത്രവിഗ്രഹം തന്നെ കവർന്നുള്ള മോഷണം നടന്നിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികളിലും ഭക്തജനങ്ങളിലും വലിയ ആശങ്കയും അരക്ഷിതാവസ്ഥയും ഉണ്ടാക്കിയിട്ടുണ്ട്.
പ്രദേശത്ത് സംഘടിത മോഷണ സംഘങ്ങളുടെ സാന്നിധ്യമുണ്ടോയെന്ന് അതീവ ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ടെന്ന് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളിലെയും ജനവാസ മേഖലകളിലെയും സുരക്ഷ മുൻനിർത്തി രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഊർജ്ജിതമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
