കുന്നംകുളം: ഒരു കാലത്ത് നാടിന്റെ ദാഹമകറ്റിയ, കുന്നംകുളം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മധുരക്കുളം ഇപ്പോൾ കടുത്ത അവഗണനയിൽ. പായൽ മൂടി ഉപയോഗശൂന്യമായ നിലയിലായ കുളം, ഇപ്പോൾ നഗരത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകിയെത്തുന്ന സംഭരണിയായി മാറിക്കൊണ്ടിരിക്കുകയാണ്.
തലമുറകളുടെ ഓർമ്മകളിലും കുളിക്കടവുകളിലെ ജീവസ്സുറ്റ സല്ലാപങ്ങളിലും നിറഞ്ഞുനിന്നിരുന്ന ജലസ്രോതസ്സാണ് അധികാരികളുടെ അലംഭാവം മൂലം ഇന്ന് നാശത്തിൻ്റെ വക്കിലെത്തിനിൽക്കുന്നത് നഗരമധ്യത്തിൽത്തന്നെ ഇത്തരത്തിൽ മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുപെരുപ്പത്തിനും സാംക്രമിക രോഗങ്ങൾക്കും കാരണമാകും. അമീബിക് മസ്‌തിഷ്ക ജ്വരം പോലുള്ള മാരക അസുഖങ്ങൾ നിലനിൽക്കുന്നതിനാൽ വലിയ ആരോഗ്യ ഭീഷണിയായി ഇത് മാറും അന്യ സംസ്ഥാന തൊഴിലാളികൾ കുളിക്കാൻ ആശ്രയിക്കുന്നത് മധുരക്കുളത്തിനെയാണ് എന്നതും ആപത് വിളിച്ചുവരുത്തുന്നതിന് തുല്യമാണ് .
നഗരത്തിൽ നിന്നുള്ള മലിനജലം കുളത്തിലേക്ക് ഒഴുകിയെത്തുന്ന വഴികൾ അടിയന്തരമായി അടയ്ക്കണമെന്നും, കുളത്തിലെ പായലും മാലിന്യങ്ങളും നീക്കം ചെയ്ത് ശുചീകരിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ചരിത്രപ്രസിദ്ധമായ ഈ നീരുറവയെ സംരക്ഷിക്കാൻ നഗരസഭയുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് പൊതുസമൂഹത്തിന്റെ ശക്തമായ ആവശ്യം.
Tags
Thrissur News