ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം ലക്ഷ്യം കണ്ടതിന് ശേഷം തുടർ സമര പരിപാടികൾ ആലോചിക്കാൻ കോക്റോച്ച് ജനത പാർട്ടി


മുംബൈ: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം ലക്ഷ്യം കണ്ടതിന് ശേഷം തുടർ സമര പരിപാടികൾ ആലോചിക്കാൻ കോക്റോച്ച് ജനത പാർട്ടി (സിജെപി) ഒരുങ്ങുന്നു. മുംബൈയിലെ ഛത്രപതി സംബാജി ന​ഗറിലുള്ള സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ പ്രധാന നേതാക്കൾ യോഗം ചേരും. ഓഗസ്റ്റ് അഞ്ചിനാണ് യോഗം നടക്കുക. സമരക്കാർക്കെതിരായ നിയമനടപടികൾ, തുടർ സമരപരിപാടികൾ, സംഘടന ശക്തിപ്പെടുത്തൽ മുതലായവ ചർച്ചയാകും. യോഗത്തിന് മുന്നോടിയായി വളണ്ടിയർമാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായങ്ങൾ ആരായാൻ പ്രധാന നേതാക്കൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.

ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന യോഗത്തിന് ശേഷം നേതാക്കൾ വാർത്താസമ്മേളനം വിളിച്ചു തുടർ സമര പരിപാടികൾ പ്രഖ്യാപിക്കും. അതിനിടെ, മറ്റ് ജില്ലകളിൽ നിന്നുള്ള സന്ദർശകരുമായി ദീപ്കെ തൻ്റെ വസതിയിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ ദീപ്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കുന്നുവെന്ന മോദിയുടെ വീഡിയോയ്ക്ക് പിന്നാലെയായിരുന്നു ദീപ്കെയുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിലൂടെ ക്ഷമിച്ചുവെന്ന് മാത്രം പറയാതെ, വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ പൊലീസിന് നിർദേശം നൽകണമെന്നു കൂടിയായിരുന്നു ദീപ്കെ ആവശ്യപ്പെട്ടത്. പൊലീസിൻ്റെ ലാത്തിച്ചാർജിന് ഇരയായ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി മോദി മാപ്പ് പറയണമെന്നും ദീപ്കെ ആവശ്യപ്പെട്ടിരുന്നു.

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്നാണ് ജന്തർ മന്തറിൽ 36 ദിവസമായി നടത്തിവന്ന സമരം സിജെപി അവസാനിപ്പിച്ചത്. സമരത്തിന് രാജ്യവ്യാപകമായി വലിയ തോതിൽ പിന്തുണ ലഭിച്ചതോടെ ആണ് കേന്ദ്ര സർക്കാർ സമ്മർദത്തിലായത്. ഒടുവിൽ രാജിവെക്കുന്നതായി ധർമേന്ദ്ര പ്രധാൻ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷം നടന്ന ആഹ്ലാദപ്രകടനങ്ങൾക്ക് ശേഷം സിജെപി പ്രവർത്തകർ ജന്തർ മന്തർ വിട്ടു. ഒരുമാസത്തിലധികം നീണ്ട പ്രതിഷേധത്തിന് ശേഷം സിജെപി പ്രവർത്തകരോടും വളണ്ടിയർമാരോടും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ നേതാക്കൾ നിർദേശം നൽകിയിരിക്കുകയാണെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال