തൃശ്ശൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ കുറുപ്പം റോഡിൽ നടക്കുന്ന അശാസ്ത്രീയമായ കാന നിർമ്മാണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നിർമ്മാണം നടക്കുന്ന കാനയിൽ റീത്ത് വെച്ചാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.
കഴിഞ്ഞ പത്തുവർഷം കോർപ്പറേഷൻ ഭരിച്ച എൽഡിഎഫ് കോടിക്കണക്കിന് രൂപയുടെ വികസനമെന്ന് അവകാശപ്പെട്ട് ആറുമാസത്തിലധികം കൂർക്കഞ്ചേരി - കുറുപ്പം റോഡ് അടച്ചിട്ടിരുന്നു. ഇതിനെതിരെ ബിജെപി കൗൺസിലർമാർ അന്നേ ശക്തമായി രംഗത്തുവന്നിരുന്നു. എന്നാൽ, അത് വകവെക്കാതെ നിലവിലെ യുഡിഎഫ് ഭരണസമിതിയും രണ്ടു കോടി രൂപ ചെലവഴിച്ച് അശാസ്ത്രീയമായ രീതിയിൽ കാനകൾക്ക് മുകളിൽ കോൺക്രീറ്റ് നിർമ്മാണങ്ങൾ നടത്തുകയാണെന്ന് സമരക്കാർ ആരോപിച്ചു. ഇത്തരത്തിലുള്ള വികലമായ വികസനം പ്രദേശത്തെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
പ്രതിഷേധ സമരം ബിജെപി മണ്ഡലം പ്രസിഡന്റും തൃശ്ശൂർ കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡറുമായ രഘുനാഥ് സി മേനോൻ ഉദ്ഘാടനം ചെയ്തു. അശാസ്ത്രീയ വികസനവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫ് ഭരണസമിതിയുടെ തീരുമാനമെങ്കിൽ വ്യാപാരികളേയും വ്യവസായികളേയും ജനങ്ങളേയും അണിനിരത്തി ശക്തമായ ജനകീയ സമരത്തിന് ബിജെപി നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബിജെപി കൗൺസിലർമാരായ പൂർണിമ സുരേഷ്, വിൻഷി അരുൺ, മണ്ഡലം പ്രസിഡണ്ട് വിപിൻകുമാർ എന്നിവർ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കൗൺസിലർമാരായ അഡ്വ. രേഷ്മ M മേനോൻ, പത്മിനി ഷാജി, മുംതാസ് ജിഞ്ചു, വിനോദ് കൃഷ്ണ, കൃഷ്ണ മോഹൻ, ബിജെപി നേതാക്കളായ മുരളീനാഥ് എൻ പി, നിമേഷ്, പ്രിയ അനിൽ, ടോണി ചാക്കോള, നിജി കെ ജി, മുരളി കോളങ്ങാട്ട്, അമൃത ശ്രീജിത്ത്, ഭാഗീരഥി ചന്ദ്രൻ, ജ്യോതി മധു, സുജിത് പണ്ടാരിക്കൽ, നിജിഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Tags
Thrissur News