അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും മരിച്ചു


പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണൻ ഭാര്യ രാധികയാണ് രാവിലെ ആറുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ 24ന് രാധികയുടെ ഭർതൃമാതാവ് ശാരദ തുണി കഴുകി അഴയിൽ ഇട്ടപ്പോൾ ആയിരുന്നു അപകടം. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്നും കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയായിരുന്നു ഇതിൽ നിന്നും ഷോക്കേറ്റ് താഴെ വീണ ശാരദയെ മരുമകൾ രാധിക രക്ഷിക്കാനായി പിടിച്ചപ്പോൾ തെറിച്ചുവീഴുകയായിരുന്നു. 

ഇത് കണ്ട അനുജന്റെ ഭാര്യ രേഷ്മ രാധികയെ പിടിച്ചപ്പോൾ അവർക്കും ഷോക്ക് ഏൽക്കുകയായിരുന്നു. എന്നാൽ രേഷ്മയുടെ പരുക്ക് നിസ്സാരമായതിനാൽ ഇവർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. ശാരദയെയും രാധികയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശാരദ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഇവരുടെ വീടുപണി നടക്കുന്നതിനാൽ തൊട്ടടുത്ത താൽക്കാലികമായി പണിത ഷെഡ്ഡിൽ നിന്നും ഇലക്ട്രിക് വയർ ഉപയോഗിച്ച് കണക്ഷൻ എടുത്തിരുന്നു. ഇതായിരുന്നു ഇരുമ്പ് കഴുക്കോലിലൂടെ വൈദ്യുതി പ്രവഹിക്കാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال