ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി


പാലക്കാട്: ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി. മണ്ണൂർ പത്തിരിപ്പാല സ്വദേശി അബ്ദുൽ സലാം (31) ആണ് വെള്ളിയാഴ്ച പാലക്കാട്‌ കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ഇയാളുടെ സംഘത്തിൽ പെട്ട എട്ടു പേരെ പാലക്കാട് ടൗൺ സൗത്ത് പൊലീസും ഹൈവേ പൊലീസും ചേർന്ന് കഴിഞ്ഞ ജനുവരിയിൽ പിടികൂടിയിരുന്നു. സംഘാംഗങ്ങൾ അറസ്റ്റിൽ ആയതിനെ തുടർന്ന് അബ്ദുൽസലാം ഒളിവിൽ പോവുകയായിരുന്നു.

കഴിഞ്ഞ ജനുവരി 22-ന് പുലർച്ചെ മൂന്നുമണിയോടെ പാലക്കാട്‌ മെഡിക്കൽ കോളേജിന് സമീപം ഹൈവേ പൊലീസും സൗത്ത് പൊലീസും നടത്തിയ വാഹനപരിശോധനയിലാണ് എട്ടംഗ സംഘം പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ കണ്ട കാറുകൾ പരിശോധിച്ചപ്പോൾ നിരവധി വ്യാജ നമ്പർ പ്ലേറ്റുകളും മുഖംമൂടികളും ഗ്ലൗസുകളും വലിയ സ്പാനറുകളും കൂടാതെ ജാക്കി, ഇരുമ്പുവടികൾ, മറ്റു ആയുധങ്ങൾ എന്നിവ കണ്ടെത്തുകയായിരുന്നു.

പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ നിന്ന് ആദ്യം നാലുപേരെയും, തുടർന്ന് ഇവരുടെ ഫോൺ സന്ദേശങ്ങൾ പരിശോധിച്ച് സമീപപ്രദേശത്തു നിന്നും ബാക്കി നാലുപേരെയും പിടികൂടുകയായിരുന്നു. ഇവർ സഞ്ചാരിച്ചിരുന്ന രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിരുന്നു. അബുൽ സലാമിനെതിരെ കർണാടകയിൽ ഹൈവേ റോബറി, മീനാക്ഷിപുരം, കൊല്ലംകോട് എന്നീ സ്റ്റേഷനുകളിലും സൗത്ത് സ്റ്റേഷനിലും ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال