തൃശൂർ: അമൃത് പദ്ധതിയുടെ ഭാഗമായി വഞ്ചിക്കുളം കോൾ പാടത്ത് കക്കൂസ് മാലിന്യ സംസ്കരണത്തിനായി 14 ഏക്കർ വെള്ളക്കെട്ട് ഭൂമി വാങ്ങിയതിൽ കോൺഗ്രസിനും പങ്കുണ്ടെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് രഘുനാഥ് സി മേനോൻ ആരോപിച്ചു. അഴിമതി ആരോപണം നിലനിൽക്കെ, അധികമേറ്റ ഉടൻ ഒരു സെൻ്റ് സ്ഥലത്ത് 118.88 കോടിയുടെ പദ്ധതിക്ക് ടെൻഡർ ക്ഷണിക്കാനുള്ള നടപടി കോൺഗ്രസ് പങ്കാളിത്തം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന ആരോപണങ്ങൾ:
അമൃത് പദ്ധതിയിലെ അഴിമതി: കൃഷിവകുപ്പിന്റെ അനുമതിയില്ലാതെ വാങ്ങിയ ഭൂമി തരംമാറ്റൽ ഇടത് സർക്കാർ നിരാകരിച്ചിട്ടും, കടുത്ത സമ്മർദ്ദത്താൽ അനുവദിച്ച ഒരു സെൻ്റ് സ്ഥലത്ത് ഫ്ലോട്ടിങ്ങ് പ്ലാൻ്റ് സ്ഥാപിക്കാമെന്ന താത്പര്യപത്രം പരിശോധനകളില്ലാതെ അംഗീകരിച്ച മേയറുടെ നടപടി സംശയാസ്പദമാണ്.
സാങ്കേതിക പ്രായോഗികതയില്ലായ്മ: പ്ലാൻ്റ് സ്ഥാപിക്കാൻ 60 സെൻ്റിലധികം സ്ഥലം ആവശ്യമായിരിക്കെ, ഒരു സെൻ്റിൽ പദ്ധതി നടപ്പാക്കാൻ ടെൻഡർ ക്ഷണിച്ചത് വൻ ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. 20 അടിയോളം വെള്ളക്കെട്ടുള്ളതും റോഡ് സൗകര്യമില്ലാത്തതുമായ പാടത്ത് ഇത്രയും വലിയ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ഓഡിറ്റ് വിമർശനങ്ങൾ അവഗണിക്കപ്പെടുന്നു: സെൻ്റിന് ആയിരങ്ങൾ മാത്രം വിലമതിക്കുന്ന ഭൂമി 56,000 രൂപ നൽകി വാങ്ങിയത് വൻ അഴിമതിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. സ്ഥലം വാങ്ങുന്നതിന് മുൻപ് കൃഷിവകുപ്പിന്റെ എൻ.ഒ.സി വാങ്ങിയിട്ടില്ലെന്നും, ഓഡിറ്റ് സംഘത്തിന് സ്ഥലം കാണിച്ചുകൊടുക്കാൻ പോലും കോർപ്പറേഷൻ എൻജിനീയർമാർക്ക് കഴിഞ്ഞില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയതാണ്. എന്നാൽ ഈ വീഴ്ചകൾ ഇനിയും പരിഹരിച്ചിട്ടില്ല.
യുനെസ്കോയുടെ പ്രത്യേക സംരക്ഷിത പട്ടികയിൽ പെട്ട കോൾ നിലങ്ങളിലാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. ഒരു സെൻ്റിൽ പ്ലാൻ്റ് പണിയാൻ 14 ഏക്കർ വാങ്ങി കൂട്ടിയ ഈ ഇടപാടിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് രഘുനാഥ് സി മേനോൻ ആവശ്യപ്പെട്ടു.
Tags
Thrissur News