നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി


തിരുവനന്തപുരം: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി. ഔട്ടർ ആങ്കറേജിംഗ് സൗകര്യമുള്ള രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ക്രൂ ചെയ്ഞ്ച് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയതോടെ വിഴിഞ്ഞത്തും ക്രൂ ചെയ്ഞ്ചിന് അനുമതി ലഭിച്ചത്. സുരക്ഷ, സമയം, ഫീസ് തുടങ്ങിയ നിയന്ത്രണങ്ങൾ ഉൾപ്പെടെ നിരവധി ഭേദഗതികളോടെയാണ് ഉത്തരവ്. ക്രൂ ചെയ്ഞ്ച് ആരംഭിക്കുന്നതോടെ സർക്കാരിന് വീണ്ടും കോടികളുടെ വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. തുറമുഖത്തിന് ഏറ്റവും അടുത്താണ് വിമാനത്താവളമെന്നതാണ് വിഴിഞ്ഞത്തിന്‍റെ പ്രത്യേകത.

കൊവിഡ് കാലത്തെ നിയന്ത്രണ ഭാഗമായി മറ്റ് തുറമുഖങ്ങൾ അടച്ചപ്പോൾ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിങ് നടത്തിയിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് ഷിപ്പിങ് ഏജൻസികൾ വിഴിഞ്ഞത്ത് ചെയ്ഞ്ചിംഗിനായി കപ്പലുകൾ അടുപ്പിച്ചു. പുറംകടലില്‍ നിന്നു കപ്പല്‍ ജീവനക്കാരെ ഇറക്കാനും കയറ്റാനും ടഗ് ആണ് ഉപയോഗിച്ചത്. 2020-22 കാലയളവിൽ 736 മദർ വെസലുകളും സൂപ്പർ ടാങ്കറുകളും ഇവിടെ ക്രൂ ചെയ്ഞ്ചിനായി അടുത്തിരുന്നു. ഇതോടെ സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിംഗ് പദവി നൽകിയിരുന്നു. രണ്ടു വർഷം 12500 ജീവനക്കാർ ക്രൂ ചെയ്ഞ്ച് നടത്തി. എന്നാൽ പിന്നീട് നിയമനടപടികളിൽപെട്ട് ഇത് അവസാനിക്കുകയായിരുന്നു. നിലവിൽ തുറമുഖത്തിന്‍റെ വരുമാനത്തിനൊപ്പം ക്രൂ ചേഞ്ചിലൂടെയും വരുമാനം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال