ആലുവ: ലഹരിമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഒടുവിൽ പൊലീസിന്റെ വലയിൽ. 51 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പശ്ചിമബംഗാളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആലുവ റൂറൽ പൊലീസിന്റെ പ്രത്യേക സംഘം പശ്ചിമബംഗാളിലെത്തി സാഹസികമായി പിടികൂടി. പശ്ചിമബംഗാൾ ജലങ്ങി സ്വദേശി അസ്ലം ഷൈഖ് ആണ് തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തെക്കേ വാഴക്കുളത്ത് പ്രതികൾ വാടകയ്ക്ക് എടുത്ത വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വൻതോതിൽ സൂക്ഷിച്ചിരുന്ന 51 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്.
സംഭവത്തിന് പിന്നാലെ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നിയമനടപടികൾ ഉണ്ടായതോടെ, പ്രതി സംസ്ഥാനം വിട്ട് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ ശക്തമായ സൈബർ-അന്വേഷണത്തിലൂടെയും രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിയുടെ ഒളിത്താവളം പശ്ചിമബംഗാളിലാണെന്ന് കണ്ടെത്തുകയും, കേരളത്തിൽ നിന്ന് അവിടെയെത്തി പ്രതിയെ പിടികൂടുകയും ചെയ്തത്.