നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ഇളയ സഹോദരനും പിടിയിൽ


കണ്ണൂർ : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ഇളയ സഹോദരനും പിടിയിൽ. അജയ് ആയങ്കിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നടക്കാവിൽ നിന്നാണ് ഇന്നലെ രാത്രി അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ആദ്യം കരുതൽ തടങ്കലിൽ എടുത്ത അജയ്യെ ഒളിവിൽ കഴിയുന്ന കുറ്റവാളിയായ അർജുൻ ആയങ്കിയെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലിരുന്ന് അർജുൻ ആയങ്കി ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെച്ച വെല്ലുവിളി പോസ്റ്റുകൾക്ക് പിന്നിൽ അജയ് ആയങ്കിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊലീസ് അജയെ കരുതൽ അറസ്റ്റ് ചെയ്തത്.

അതേ സമയം ഒളിവിലിരുന്ന് കേരള പൊലീസിനെയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിച്ച് തലവേദനയായ ക്രിമിനൽ അർജുൻ ആയങ്കി ഒടുവിൽ പൊലീസിന്റെ പിടിയിലായി. പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് നിർണായകമായത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ എത്തിച്ച ശേഷം അർജുന്റെ വൈദ്യ പരിശോധനയടക്കം പൂർത്തിയാക്കി.

പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂർ ടൗണിലേക്ക് എത്തിയത് ഈ കാറിൽ ആയിരുന്നു. ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചതോടെ കുടുങ്ങി. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിലെ നടപടികൾക്ക് ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികളെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال