നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയും ബിഗ് ബോസ് മുന്‍ താരവുമായ റോബിന്‍ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിഗ് ബോസ് മുന്‍ താരവും ഇൻഫ്ലുവൻസറുമായ വേദ് ലക്ഷ്മി. കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ ബിജെപി ബന്ധം പറഞ്ഞ് ഭീഷണിപെടുത്തിയെന്നും ഫോണിലൂടെ സ്ത്രീത്വത്തെ അപമാനിക്കുംവിധം സംസാരിച്ചുവെന്നും വേദ് ലക്ഷ്മി പറഞ്ഞു. കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് തന്നെ വിളിച്ചതെന്നും വേദ് ലക്ഷ്മി.
റോബിനുമായി മുന്‍പ് സൗഹൃദം ഉണ്ടായിരുന്നുവെന്നും തന്‍റെ കൈയില്‍ നിന്ന് 8 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും വേദ് ലക്ഷ്മി പറയുന്നു. “അഭില്‍ ദേവ് അടക്കം തന്‍റെ മറ്റ് ഒരുപാട് സുഹൃത്തുക്കളില്‍ നിന്നും റോബിന്‍ ഇതുപോലെ പണം വാങ്ങിയിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പണം തിരികെ ചോദിക്കുമ്പോള്‍ ഭീഷണിയുടെ സ്വരമായി. വ്യാജ ഹണി ട്രാപ്പ് ആരോപണവും നടത്തുന്നു. പ്രതിഛായ രക്ഷിക്കാന്‍ വേണ്ടിയാണ് വാര്‍ത്താസമ്മേളനം നടത്തിയത്. എല്ലാത്തിനും തങ്ങളുടെ പക്കല്‍ തെളിവുകളുണ്ട്”. നിയമ നടപടിയുടെ കാര്യം റോബിന്‍ ഇപ്പോള്‍ പറയുന്നുണ്ടെന്നും നിയമത്തിന്‍റെ വഴിയേ ആദ്യം പോയത് താനാണെന്നും വേദ് ലക്ഷ്മി പറയുന്നു.
റോബിന്‍ തനിക്കെതിരെ വ്യാജ ഹണി ട്രാപ്പ് ആരോപണം ഉന്നയിച്ചുവെന്ന് പണം നഷ്ടപ്പെട്ട അഭില്‍ ദേവ് ആരോപിച്ചു. ആളുകളെ പറഞ്ഞു പറ്റിച്ചു കടം വാങ്ങുന്നത് റോബിന്റെ ശീലമാണെന്നും നിയമം നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഭില്‍ ദേവ് പറയുന്നു. പല ഘട്ടങ്ങളിലായി റോബിന്‍ രാധാകൃഷ്ണന്‍ തനിക്ക് 36.75 ലക്ഷം രൂപ തരാനുണ്ടെന്നാണ് അഭില്‍ ദേവിന്‍റെ ആരോപണം. അതേസമയം താൻ വാങ്ങിയ പണം തിരികെ നൽകിയിരുന്നുവെന്നും തന്നെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റോബിൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.