വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഭീമനായ മെറ്റയുടെ ഭാവി നിശ്ചയിക്കുന്ന നിയമയുദ്ധത്തിന് തുടക്കം. മെറ്റയ്ക്കെതിരായ യുഎസ് സംസ്ഥാനങ്ങളുടെ ഹർജികളിലാണ് ഫെഡറൽ കോടതിയിൽ നടപടികൾ ആരംഭിച്ചത്. കുട്ടികളെ മനപ്പൂർവം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അടിമപ്പെടുത്താൻ ഫീച്ചറുകൾ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചത്. മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസേരിയും കോടതിയിൽ ഹാജരാകും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വാട്സ്ആപ്പ് അടക്കം സമൂഹമാധ്യമങ്ങളുടെ നിലനിൽപ്പ് കൂടി ഈ നിയമപോരാട്ടത്തിൽ തീരുമാനിക്കപ്പെടും.
മെറ്റയുടെ നിലനിൽപ്പിനെയും സോഷ്യൽ മീഡിയ വ്യവസായത്തെയും സാരമായി ബാധിച്ചേക്കാവുന്ന നിയമപോരാട്ടത്തിനാണ് സാൻഫ്രാൻസിസ്കോയ്ക്ക് അടുത്തുള്ള ഫെഡറൽ കോടതിയിൽ ഇന്ന് തുടക്കമാകുന്നത്. കാലിഫോർണിയ, കൊളറാഡോ, കെൻ്റക്കി, ന്യൂജഴ്സി തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരാണ് മെറ്റയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ആകെ 29 സംസ്ഥാനങ്ങളാണ് കേസിൽ കക്ഷിചേർന്നിരിക്കുന്നത്.
കൂടുതൽ സമയം കുട്ടികളെ പ്ലാറ്റ്ഫോമുകളിൽ പിടിച്ചുനിർത്താൻ ഫീച്ചറുകൾ മെറ്റ ബോധപൂർവം ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇവ കുട്ടികൾക്ക് ദോഷകരമാകുമെന്ന് അറിയാമായിരുന്നിട്ടും അത് അവഗണിച്ചു കുട്ടികളെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും പിടിച്ചിരുത്താൻ ഫീച്ചറുകൾ ദുരുപയോഗം ചെയ്‌തെന്നാണ് സംസ്ഥാനങ്ങൾ കോടതിയിൽ വാദം ഉന്നയിച്ചിരിക്കുന്നത്. കേസിൽ ഇന്നലെ ജൂറി തെരഞ്ഞെടുപ്പ് നടന്നു. വിചാരണ ഓഗസ്റ്റ് 18ന് ആരംഭിക്കും.