കുന്നംകുളം:പ്രാദേശിക സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കുന്നംകുളം നഗരസഭ, കില (KILA), ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ സംയുക്ത മുഖേന അർദ്ധദിന 'സംരംഭക ബോധവൽക്കരണ സംഗമവും പ്രദർശനവും' സംഘടിപ്പിച്ചു. കുന്നംകുളം മുൻസിപ്പാലിറ്റി ടൗൺഹാളിൽ നടന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവഹിച്ചു.
'കുന്നംകുളം-സംരംഭക നഗരം' എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ സംഗമത്തിൽ നിലവിലെ ചെറുകിട-ഇടത്തരം സംരംഭകർ, യുവ സംരംഭകർ, വനിതകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ താല്പര്യമുള്ളവർ എന്നിവരുൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ (DIC) ഉദ്യോഗസ്ഥർ നയിച്ച വിവരദായകമായ സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.
സംരംഭകർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും (Exhibition) ചടങ്ങിന് മാറ്റുകൂട്ടി. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.ജി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു, കക്ഷിനേതാവായ ശ്രീജിത്ത് ആവേൻ, കൗൺസിലർമാർ, സസ്റ്റൈനബിൾ ബാങ്കിങ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഹെഡ് സന്ധ്യ സുരേഷ്, നാഷണൽ ക്രഡിറ്റ് ഹെഡ് എം.എസ്.എം.ഇ കെ. ദിലീപ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ ടി. മനോജ്, നഗരസഭ സെക്രട്ടറി കെ.കെ. മനോജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
