72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 71 ജലയാനങ്ങളാണ് ഇത്തവണത്തെ നെഹ്റു ട്രോഫി ജലമേളയിൽ മാറ്റുരയ്ക്കുന്നത്. രാവിലെ 11 മണിക്ക് ചെറിയ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് ജലമേളയ്ക്ക് തുടക്കമാകുന്നത്. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറിയ വള്ളങ്ങളുടെ ഫൈനൽ പോരാട്ടങ്ങളും നടക്കും. വൈകിട്ട് 4 മണി മുതലാണ് കാണികൾ കാത്തിരിക്കുന്ന ആവേശകരമായ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്.
ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ ആകെ ആറ് ഹീറ്റ്സുകളാണുള്ളത്. ഇതിൽ ആദ്യ നാല് ഹീറ്റ്സുകളിൽ നാല് വള്ളങ്ങൾ വീതവും അവസാന രണ്ട് ഹീറ്റ്സുകളിൽ മൂന്ന് വള്ളങ്ങൾ വീതവും മത്സരിക്കും. ഇവയിൽ നിന്ന് ഏറ്റവും മികച്ച സമയം കുറിച്ച് ഫിനിഷ് ചെയ്യുന്ന ആദ്യ നാല് ചുണ്ടൻ വള്ളങ്ങളാണ് രാജകീയ കിരീടത്തിനായുള്ള ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടുക.
ചെറിയ വള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം മാത്രം പരിഗണിച്ചാണ് വിജയികളെ തീരുമാനിക്കുന്നത്. പൊതുജനങ്ങൾക്ക് സമയം തത്സമയം കാണാനായി പ്രത്യേക ഡിജിറ്റൽ സ്ക്രീനുകളും ട്രാക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.