കൊച്ചി: കറിക്ക് രുചിയില്ലെന്ന് ആരോപിച്ച് ജീവനക്കാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഹോട്ടലുടമ. അങ്കമാലി മീന്‍വിലാസം ഹോട്ടലിലാണ് സംഭവം. കൊല്ലം സ്വദേശിയായ ജീവനക്കാരന് പരിക്കേറ്റു. ഹോട്ടലിന്റെ ഉടമകളില്‍ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസ് ആണ് ജീവനക്കാരനെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഉടമയ്ക്ക് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരാന്‍ ജീവനക്കാരനോട് ആവശ്യപ്പെടുകയും കറിക്ക് രുചിയില്ലെന്ന് ആരോപിച്ച് ആക്രമിക്കുകയുമായിരുന്നു. കറിക്ക് രുചിയില്ലെന്ന് പറഞ്ഞതോടെ അടുക്കളയിലേക്ക് മടങ്ങിയ ജീവനക്കാരനെ പിന്നാലെ ചെന്ന് നിലത്തേക്ക് വലിച്ചിട്ട് തവി കൊണ്ടും കത്തി കൊണ്ടും ആക്രമിക്കുകയായിരുന്നു.
ജീവനക്കാരനും ഉടമയും തമ്മില്‍ നേരത്തെ തന്നെ മറ്റു പല പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ജീവനക്കാരന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തു. ഹോട്ടലുടമയ്ക്കായി തെരച്ചില്‍ നടക്കുകയാണ്.