കൊച്ചി: സംസ്ഥാനത്ത് സ്ത്രീസുരക്ഷാ നിയമങ്ങള്‍ ശക്തമാണെങ്കിലും സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് അറുതിയില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് മലപ്പുറം ജില്ലയില്‍.
സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ 2016 മേയ് ഒന്നു മുതല്‍ 2026 ഏപ്രില്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഇവിടെ 17,825 സ്ത്രീപീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയതത്. 20 പോലീസ് ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് 13,929 കേസുകളുമായി തിരുവനന്തപുരം റൂറല്‍ രണ്ടാം സ്ഥാനത്തും 10,555 കേസുകളുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തുമുണ്ട്.
ഇക്കാലയളവില്‍ കൂടുതല്‍ പേര് ശിക്ഷിക്കപ്പെട്ടത് മലപ്പുറം ജില്ലയിലാണ് – 1,421 പേര്. കോഴിക്കോട് സിറ്റിയില്‍ 1,353 പേരും കണ്ണൂര്‍ റൂറലില്‍ 607 പേരും ശിക്ഷിക്കപ്പെട്ടു. വിവിധ ആക്രമണങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടത് തിരുവനന്തപുരം റൂറലിലാണ്- 93 പേര്. രണ്ടും മൂന്നും സ്ഥാനത്ത് നില്ക്കുന്ന എറണാകുളം റൂറലിലും കൊല്ലം റൂറലിലും യഥാക്രമം 82 ഉം, 69 ഉം സ്ത്രീകള്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം റൂറലില്‍ 9,561 സ്ത്രീകളാണ് അക്രമണത്തിന് ഇരയായത്. മലപ്പുറത്ത് 2,650 പേരും എറണാകുളം സിറ്റിയില്‍ 2,405 സ്ത്രീകളും ഇക്കാലയളവില്‍ ആക്രമണത്തിന് ഇരയായി.
ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമം, വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കല്‍, പിന്തുടരല് (സ്റ്റോക്കിംഗ്), ശല്യപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, ഓണ്‍ലൈന്‍ പീഡനം, അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, സ്ത്രീകളുടെ സ്വകാര്യത ലംഘിക്കല്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുടുംബത്തിനകത്തും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ തുടര്‍ച്ചയായി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്.