രാമായണ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു


ഇന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന രാമായണ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഇന്ന് പുലർച്ചേ ബ്രഹ്മമുഹൂർത്തം പുലർച്ചെ 4.15ന് ആണ് ട്രെയിലർ പുറത്തുവിട്ടത്. ഇതുവരെ കാണാത്ത ​ഗംഭീര ദൃശ്യവിസ്മയമാകും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. എല്ലാവർക്കും അറിയാവുന്ന കഥയാണെങ്കിലും മേക്കിങ്ങിലും ക്വാളിറ്റിയിലും രാമായണ ട്രെയിലർ ഒന്നിനൊന്ന് മെച്ചമാണ്. രാമനായി എത്തുന്ന രൺബീറിനെക്കാളും കയ്യടി വാരിക്കൂട്ടുന്നത് രാവണനായി എത്തുന്ന യഷ് ആണ്. യഷിന്റെ കരിയറിലെ ഏറ്റവും പീക്ക് ലെവൽ പെർഫോമന്‍സ് ആകും ചിത്രത്തിലേതെന്ന് ട്രെയിലർ ഉറപ്പിച്ച് പറയുന്നുണ്ട്. ട്രെയിലറിൽ ഹനുമാനെ കാണിച്ചിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.

നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് രാമായണ ഒരുങ്ങിയിരിക്കുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യൻ സൂപ്പർ താരം യഷ് ആണ്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിൽ എത്തുമ്പോൾ, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു. 

ദൂരദർശനിലെ രാമായണത്തിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ഈ ചിത്രത്തിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്. ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാൽ കപൂറും വേഷമിടുന്നുണ്ട്. ചിത്രം ദീപാവലി റിലീസായി തിയറ്ററിലെത്തും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال