നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പള്‍സര്‍ സുനി ജയിലില്‍ തുടരും


കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പള്‍സര്‍ സുനി ജയിലില്‍ തുടരും. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന അപ്പീലിലെ ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതിജീവിതയുടെ അന്തസും കണക്കിലെടുക്കണമെന്ന് കോടതി വിലയിരുത്തി. കേസിൽ 20 വർഷം തടവിനാണ് പൾസർ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. തുടർന്ന് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീലില്‍ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആവശ്യം. എന്നാല്‍ നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും അതിജീവിത കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിന്‍റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും നടി വാദിച്ചു.

അതേസമയം പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ, കോടതിയുടെ പരിഗണനയിലാണ്. ഒന്നാം പ്രതി കൊടും ക്രിമിനലാണ്. തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ട്. സുപ്രീംകോടതി ജാമ്യം നൽകി ഇറങ്ങി ഒരുമാസമാകും മുൻപ് പ്രതി വീണ്ടും മറ്റൊരു കേസിൽ പ്രതിയാവുകയും ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങള്‍ കണക്കിലെടുത്താണ് ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പള്‍സര്‍ സുനിയുടെ ഹര്‍ജി ഡിവിഷന്‍ബെഞ്ച് തള്ളിയത്.

20 വര്‍ഷത്തെ കഠിനതടവ് വിധിച്ച വിചാരണക്കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താന്‍ സാധിച്ചില്ലെന്നും പൊതുജനതാല്‍പര്യവും സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ തക്കതായ യാതൊരു അസാധാരണ സാഹചര്യവും പ്രതിക്ക് ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി എട്ട് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്നു എന്നതുമാത്രം ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണ സാഹചര്യമായി കണക്കാക്കാന്‍ കഴിയില്ല. പ്രതിക്ക് എതിരെ ഗുരുതരമായ 11 മറ്റ് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മുന്‍പ് ജാമ്യത്തിലിറങ്ങിയ സമയത്ത് ഹോട്ടലില്‍ അടിപിടിയുണ്ടാക്കി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായും കോടതി നിരീക്ഷിച്ചു.

അതിജീവതയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച ഡിഎന്‍എ പ്രൊഫൈല്‍ പ്രതിയുടേതുമായി പൊരുത്തപ്പെടുന്നതുള്‍പ്പെടെയുള്ള ശക്തമായ ശാസ്ത്രീയ തെളിവുകള്‍ വിചാരണക്കോടതിയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നു. പണം വാങ്ങി ഒരു നടിയെ ആസൂത്രിതമായി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തത് അതീവ ക്രൂരവും അപചയവുമുള്ള കുറ്റകൃത്യമാണ്. ഇത് സ്ത്രീകളുടെ അന്തസ്സിനും സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال