പ്രിയദർശിനി ബസ്സിലെ രണ്ട് യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി


മലപ്പുറം: പ്രിയദർശിനി ബസ്സിലെ രണ്ട് യാത്രക്കാരികളിൽ നിന്ന് സ്വർണമാല മോഷണം പോയി. കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന ബസ്സിൽ നിന്നും 2 പവൻ്റെ മാലയും പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സിൽ നിന്ന് മൂന്ന് പവൻ വരുന്ന താലിമാലയുമാണ് നഷ്ടപ്പെട്ടത്. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. രണ്ട് സംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആഴ്ച കോഴിക്കോട് - തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിലും മോഷണം നടന്നിരുന്നു. അതിഥി തൊഴിലാളിയുടെ 15000 രൂപയാണ് മോഷണം പോയത്. ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അതിഥി തൊഴിലാളി അറിയുന്നത്. ഉടന്‍ തന്നെ കണ്ടക്ടറെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ബസ് കുന്ദമംഗലം സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ യാത്രക്കാരെ മുഴുവൻ ഇറക്കി ബാ​ഗുകൾ പരിശോധിച്ചു. ചിലരുടെ പോക്കറ്റടക്കം പൊലീസ് പരിശോധിച്ചു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടെത്താന്‍ കഴിഞ്ഞില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال