മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ


കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. അങ്കമാലി സ്വദേശി ആൻസ്റ്റൻ ആണ് പിടിയിലായത്. മൊബൈൽ ആപ് വഴി വാഹനം ബുക്ക് ചെയ്ത് പുലർച്ചെ കട്ടിലുകളുമായി കടന്നു കളയാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു.

ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിലെത്തിയ പൂർവ്വ വിദ്യാ‍ത്ഥി ആൻസ്റ്റൻ സെക്യൂരിറ്റി ജീവനക്കാരന്‍റെ ശ്രദ്ധയിപ്പെട്ടത്. എട്ട് കട്ടിലുകൾ പിക് അപ് വാനിൽ ഭംഗിയായി കെട്ടിവെച്ച് കടന്നുകളയാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്തപ്പോൾ മൂട്ടയെക്കൊല്ലാൻ അങ്കമാലിയിൽ മരുന്നടിക്കാൻ കൊണ്ടുപോകുന്നതെന്നാണ് മറുപടി നൽകിയത്. എന്നാൽ അതിന് ആര് ചുമതലപ്പെടുത്തിയെന്ന് ചോദിച്ചപ്പോൾ ഉത്തരമുണ്ടായില്ല. ഹോസ്റ്റൽ വാർഡന്‍റെ പരാതിയിൽ സെൻട്രൽ പൊലീസ് ആൻസനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധന പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. 

2024ൽ കോളേജിൽ നിന്ന് പഠനം കഴിഞ്ഞ് പുറത്ത് പോയതാണ് ആൻസ്റ്റൻ. അത്തരം ആളുകൾ പലരും ഹോസ്റ്റലിൽ വരാറുള്ളതിനാൽ ആദ്യം സെക്യൂരിറ്റി സംശയിച്ചിരുന്നില്ല. കവർച്ചയ്ക്ക് മുമ്പ് ചില സുഹൃത്തുക്കളെ ഇയാൾ ഫോണിൽ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആൻസ്റ്റൻ ഇതിന് മുമ്പ് മോഷണമൊന്നും നടത്തിയതായി പൊലീസിന് അറിവില്ല. അമ്മയ്ക്ക് അസുഖമാണെന്നും സാമ്പത്തിക ബുദ്ധിമുട്ടാണെന്നുമാണ് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞത്. ഇക്കാര്യത്തിലടക്കം വ്യക്തതയുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال