കല്‍പ്പറ്റ: വയനാട് മേപ്പാടി കള്ളാടി മണ്ണിടിച്ചില്‍ പ്രദേശത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നു രാവിലെ പത്തോടെയാണ് മൃതദേഹം രക്ഷാദൗത്യ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പ്രദേശത്ത് കാണാതായതില്‍ ഒരാളെ കണ്ടെത്താനുണ്ട്. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങള്‍, അഗ്നി-രക്ഷാസേനാംഗങ്ങള്‍, പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന സംഘം തെരച്ചില്‍ തുടരുകയാണ്.
കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതി പ്രദേശമായ കള്ളാടി മീനാക്ഷി പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 11.15നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നു രാവിലെ കണ്ടെടുത്ത മൃതദേഹം ആംബുലന്‍സില്‍ വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാന്‍ ശ്രമം നടക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം എംബാമിംഗിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കും.
മരിച്ചതില്‍ തുരങ്കപാത പ്രവൃത്തി നടത്തുന്ന ദിലീപ് ബില്‍ഡ്കോണ്‍ ജീവനക്കാരായ ചന്ദ്രബാന്‍, ബികാഷ്കുമാര്‍ അന്‍ചന്ദ്ര ബാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ദുരന്തദിനത്തില്‍ത്തന്നെ ലഭിച്ചിരുന്നു. ഇതേ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥരായ അഞ്ചു പേരെയാണ് കാണാതാത്.
ഇതില്‍ സര്‍വേയര്‍ അസ്ഹറുദ്ദീന് അന്‍സാരി(യുപി), എന്‍ജിനിയര്‍ രാഹുല്‍ ശര്‍മ(ഹിമാചല്‍ പ്രദേശ്), എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇമ്രാന്(ബിഹാര്‍) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. സര്‍വേയര്‍ രാകേഷ് ഗുച്ചൈദ്(പശ്ചിമ ബംഗാള്‍), കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം ശര്‍മ(ഹിമാചല്‍ പ്രദേശ്)എന്നിവര്‍ക്കായുള്ള തെരച്ചിലാണ് ഇന്നു രാവിലെ പുനരാരംഭിച്ചത്.