അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി രാജി വെച്ചു


അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി രാജി വെച്ചു. അഡ്ഹോക്ക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്ത് തുടരുന്നതിനെതിരെ സ്റ്റേ വന്ന സാഹചര്യത്തിലാണ് തീരുമാനം. കമ്മിറ്റിയിൽ കടിച്ചു തൂങ്ങണമെന്നും അമ്മ സംഘടനയെ കോടതിയിൽ എത്തിക്കണമെന്ന് താല്പര്യമുണ്ടായിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

സംഘടനയുടെ ഭരണസമിതി അംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ചതിനെത്തുടർന്നുണ്ടായ അനിശ്ചിതാവസ്ഥ പരിഹരിക്കാനാണ് താൻ കൺവീനർ സ്ഥാനം ഏറ്റെടുത്തതെന്നും എന്നാൽ ഇപ്പോൾ ഉണ്ടായ കോടതി സ്റ്റേയുടെ പശ്ചാത്തലത്തിൽ പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനത്തിനെതിരെ കോടതി സ്റ്റേ വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ സ്ഥാനത്ത് കടിച്ചുതൂങ്ങാൻ തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്നും ധാർമ്മികമായ ഉത്തരവാദിത്വം കണക്കിലെടുത്താണ് പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ ബോഡിയിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾ രാജിവെച്ചു പോയപ്പോൾ സംഘടനയിൽ പെട്ടെന്ന് ഒരു ‘അനാഥത്വം’ അനുഭവപ്പെട്ടു. ആ ഘട്ടത്തിൽ ദൈനംദിന കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ജഗദീഷിന്റെ അധ്യക്ഷതയിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചതെന്നും അതിൽ ഭാഗമാകാൻ താൻ സമ്മതിക്കുകയായിരുന്നുവെന്നും പിഷാരടി വിശദീകരിച്ചു.

അനുരഞ്ജന ചർച്ചകൾക്കായി താൻ നടത്തിയ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നതിൽ വ്യക്തിപരമായ വേദനയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. താൻ ഏറെ വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിൽ നിന്നാണ് ഇത് സംഭവിച്ചതെന്നും അതൊരു ‘ലീക്ക്’ അല്ല മറിച്ച് മനഃപൂർവമുള്ള ‘റിലീസ്’ ആണെന്നും അദ്ദേഹം പറഞ്ഞു.

അഡ്ഹോക് കമ്മിറ്റി എന്ന വാക്ക് സംഘടനയുടെ ബൈലോയിൽ ഇല്ല എന്ന വാദത്തോടും അദ്ദേഹം പ്രതികരിച്ചു. അസാധാരണ സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ ജനറൽ ബോഡിക്ക് അധികാരമുണ്ടെന്നും ദൈനംദിന കാര്യങ്ങൾ നടക്കാൻ ഒരു സംവിധാനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുറത്തുവന്ന ഓഡിയോയിലെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അതൊരു അനുരഞ്ജന സംഭാഷണമായിരുന്നുവെന്നും ആരോപണങ്ങൾ ഉന്നയിച്ചവരും കേട്ടവരും അക്കാര്യം വ്യക്തമാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

താൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും വെറും ഒരു അംഗമായി സംഘടനയിൽ തുടരുമെന്നും പിഷാരടി അറിയിച്ചു. സംഘടനയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് പഴയതുപോലെ എല്ലാവരും ഒത്തൊരുമയോടെ പോകുന്ന കാലം തിരികെ വരുമെന്ന് പ്രത്യാശിക്കുന്നതായും ഉടൻ തന്നെ ജനറൽ ബോഡി വിളിച്ചുചേർക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال