കവർച്ചക്കായി സംഘം നടത്തിയത് തമിഴ് ചിത്രം 'തീരൻ' മോഡൽ യാത്രകൾ. ചുറ്റിക്കറങ്ങാൻ എന്ന രീതിയിൽ ട്രക്കുകളിൽ കയറി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കും. ഹൈവേകളിൽ ഇണങ്ങിയ വീട് കണ്ടാൽ, പൂട്ടു പൊളിച്ച് അകത്തുകടക്കും. എതിർക്കാൻ വരുന്നവരെ വകവരുത്താൻ പോലും മടിക്കില്ല. ആൾതാമസം ഇല്ലാത്ത വീടെന്നു കരുതിയാണ് തൃശ്ശൂർ മണ്ണുത്തിയിലെ വീട്ടിൽ കയറിയതെന്ന് പിടിയിലായ മുഖ്യസൂത്രധാരൻ സൂരജ് പവാർ പൊലീസിനോട് പറഞ്ഞു. വീട്ടുടമസ്ഥൻ സോമശേഖരനെ മർദ്ദിച്ച ശേഷം ആയിരുന്നു കവർച്ച. തലയണ വെച്ച് വായപൊത്തിയശേഷം ഗൃഹനാഥനെ കെട്ടിയിട്ടാണ് 47 പവൻ സ്വർണാഭരണങ്ങളും പണവും സംഘം ഇതിൽ കവർന്നത്. ഇതിൽ പിടിയിലായ മുഖ്യപ്രതിയിൽ നിന്ന് 26 പവൻ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കവർച്ചാ സംഘത്തിൽപ്പെട്ട 2 മഹാരാഷ്ട്ര സ്വദേശികളെയും പോലീസ് പിടികൂടിയിരുന്നു. മഹാരാഷ്ട്ര മധ്യപ്രദേശ് കർണാടക എന്നീ സംസ്ഥാനങ്ങളിലും സംഘം മുമ്പ് കവർച്ച നടത്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.