തോപ്പുംപടി: എറണാകുളം തോപ്പുംപടിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി സനമോൾ എം.എ. (31), മുൻ ജീവനക്കാരനായ പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.
തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ നിന്ന് ആണ് പ്രതികൾ പണം തട്ടിയത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ ദിവസേന കവർന്ന പണം രഞ്ജു സാജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
ഉടമയ്ക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പ് പുറത്തായെന്നറിഞ്ഞ സനമോൾ ഇതിനിടെ വിദേശത്തേക്ക് കടന്നു.
പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ നേപ്പാൾ വഴി സനമോൾ കൊച്ചിയിലെത്തിയതോടെയാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.