കൊച്ചി: സംസ്ഥാനത്ത് തെരുവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന മാനസികരോഗികളുടെ പുനരധിവാസം താളം തെറ്റുന്നു. സര്‍ക്കാരിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും കീഴില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള അഗതികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.
വിവിധ ജില്ലകളില്‍ പോലീസ്, ആരോഗ്യ വകുപ്പ്, സന്നദ്ധ സംഘടനകള്‍ വഴി നിരവധി പേരെ തെരുവുകളില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രികളിലും താല്‍ക്കാലിക സംരക്ഷണ കേന്ദ്രങ്ങളിലും എത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ ദീര്‍ഘകാല പുനരധിവാസം ഉറപ്പാക്കാന്‍ ആവശ്യമായ കേന്ദ്രങ്ങളുടെ അഭാവം നിലവിലുണ്ട്. തെരുവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നവരെ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കാന്‍ പോലീസ് പലപ്പോഴും സന്നദ്ധ സംഘടനകളുടെ സഹായം തേടാറുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൃദ്ധസദനങ്ങളിലും മറ്റും സൗകര്യമില്ലെന്നു പറഞ്ഞ് കൈയൊഴിയുകയാണ് പതിവെന്ന് പോലീസും സന്നദ്ധസംഘടന പ്രവര്‍ത്തകരും പറയുന്നു.
സാമൂഹിക ക്ഷേമ വകുപ്പിന്റെ ഏകോപനമില്ലായ്മയും ഇതിനു പിന്നിലുണ്ടെന്നാണ് ആക്ഷേപം.കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് തെരുവുകളിലുള്ളത് എറണാകുളം ജില്ലയിലാണ്. ഇതില്‍ അന്യസംസ്ഥാനക്കാരാണ് ഏറെയും. ലഹരിക്ക് അടിമപ്പെട്ട് മനോനില തെറ്റിയവരും അക്രമവാസനയുള്ളവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിനു കീഴില്‍ സംസ്ഥാനത്ത് 1,500 ലധികം അഗതിമന്ദിരങ്ങളാണുള്ളത്.
ഇതില്‍ 800 എണ്ണം വൃദ്ധസദനങ്ങളും 700 എണ്ണം 15 വയസിനു താഴെയുള്ള കുട്ടികളെ പാര്പ്പിക്കാനുള്ളതുമാണ്. സൈക്കോ സോഷ്യല്‍ റീഹാബിലേഷന്‍ സെന്ററുകളില്‍ പലതും അഗതികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. തെരുവില്‍ നിന്ന് മോചിപ്പിക്കുന്ന അന്യസംസ്ഥാനക്കാരെ നാട്ടിലേക്ക് എത്തിക്കുന്ന പദ്ധതിയും നിലച്ചു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇത്തരക്കാരെ എത്തിക്കുന്നത്.
തെരുവില്‍ കഴിയുന്ന പലര്‍ക്കും ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും ഇവരുടെ കുടുംബാംഗങ്ങളെ കണ്ടെത്താനോ, കണ്ടെത്തിയാലും സ്വീകരിക്കാന്‍ തയ്യാറാകാത്തതുമായ അവസ്ഥയുണ്ട്. ഇത്തരക്കാരെ ദീര്‍ഘകാലം പാര്‍പ്പിച്ച് സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ പുനരധിവാസ കേന്ദ്രങ്ങള്‍ വളരെ പരിമിതമാണ്. നിലവില്‍ ജില്ലാ ആശുപത്രികളില്‍ മാനസികാരോഗികള്ക്കായി ഒരു വാര്‍ഡ് മാത്രമാണുള്ളത്.
സന്നദ്ധ സംഘടനകള്‍ നടത്തുന്ന ചില പുനരധിവാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പലതിലും സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ കുറവുമുണ്ട്. മാനസികാരോഗ്യ ചികിത്സ നേടിയവരുടെ സാമൂഹിക പുനരധിവാസം, തൊഴില്‍ പരിശീലനം, സ്വയംപര്യാപ്തത എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതികള്‍ ഇപ്പോഴും പരിമിതമാണ്.
കേന്ദ്രസര്‍ക്കാരിന്റെ സ്മൈല്‍ പുനരധിവാസ പദ്ധതി വിവിധ ജില്ലകളില്‍ ഉണ്ടെങ്കിലും ഇതിലൂടെ ലഭിക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കാന്‍ മാറിമാറി വരുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയാറുമില്ല.മാനസികരോഗികളുടെ പുനരധിവാസം ചികിത്സയുടെ തുടര്‍ച്ചയായ ഘടകമാണ്. മരുന്നും കൗണ്‍സലിംഗും മാത്രം മതിയാകില്ല, സുരക്ഷിതമായ താമസം, തൊഴില്‍ പരിശീലനം, സാമൂഹിക പിന്തുണ, തുടര്‍ നിരീക്ഷണം എന്നിവയും അത്യാവശ്യമാണ്. ഈ ഘടകങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പലരും വീണ്ടും തെരുവ് ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കൂടുതലാണെന്നും മനോരോഗ വിദഗ്ധര്‍ പറയുന്നു.