കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടർ (ഡി എച്ച് എസ്) ഡോക്ടർ കെ ജെ റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്‌റ്റേ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ നാളെ വിധിയറിയാം. ഇന്ന് വിശദമായ വാദം കേട്ട ഹൈക്കോടതി നാളെ വൈകിട്ട് 4 മണിക്ക് വിധി പറയാമെന്ന് വ്യക്തമാക്കി. റീനയുടെ സ്ഥലംമാറ്റ ഉത്തരവ് ട്രിബ്യൂണൽ തടഞ്ഞതിനെ തുടർന്നാണ് സർക്കാർ അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ സർക്കാരിന്റെയും എതിർഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി പറയാനായി മാറ്റിവെച്ചത്. ഡി എച്ച് എസ് സ്ഥാനത്ത് ഡോ. റീന മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരിയിൽ ഇവരുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചതാണെന്നും അത് നീട്ടി നൽകിയിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ജനറൽ കേഡറിൽ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് കേഡർ ഡോ. റീന സ്വയം തിരഞ്ഞെടുത്തതാണെന്നും അതിനാൽ നിലവിലെ സ്ഥലംമാറ്റ നടപടികളിൽ നിയമപരമായ തെറ്റില്ലെന്നുമാണ് സർക്കാരിന്റെ വാദം. ഈ വാദങ്ങളിൽ ഹൈക്കോടതി നാളെ പ്രഖ്യാപിക്കുന്ന വിധി ആരോഗ്യവകുപ്പിലെ സ്ഥാനചലനങ്ങളിൽ നിർണായകമാകും.