ശബരിമല സ്വർണ്ണ മോഷണക്കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാൻ ആകില്ലെന്ന് ഹൈക്കോടതി. പത്തു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് എസ് ഐ ടി ക്ക് കർശന നിർദ്ദേശം നൽകി. ജൂൺ 29 ന് മുമ്പായി സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു.
ശബരിമല സ്വർണ്ണ മോഷണ കേസിൻ്റെ അന്വേഷണ പുരോഗതി എസ്.ഐ.ടി തലവനായ എസ്.പി, എസ്. ശശിധരൻ നേരിട്ടെത്തിയാണ് ദേവസ്വം ബെഞ്ചിന് മുന്നിൽ വിശദീകരിച്ചത്. 2025 ൽ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ മാറ്റിയതിൽ നിർണായകരേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. സ്വർണ്ണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോകാനുള്ള തീരുമാനങ്ങളിൽ പ്രതികൾക്കുള്ള പങ്കിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ തമ്മിലുള്ള ആശയ വിനിമയവും ബോര്‍ഡിന്റെ തീരുമാനവും വ്യക്തമാണെന്നും എസ് ഐ ടി തലവൻ ഹൈക്കോടതിയിയെ അറിയിച്ചു. സ്വർണ്ണ മോഷണത്തിലെ ക്രിമിനൽ ഗൂഢാലോചനയിലും അന്വേഷണം പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരുടെ പങ്കിലും വിശദമായ അന്വേഷണം നടന്നുവരുന്നുണ്ട്. അന്വേഷണം അവസാനഘട്ടത്തിൽ ആണെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.
അതേ സമയം അന്വേഷണം ആരംഭിച്ച് ഏഴ് മാസം പിന്നിട്ടിട്ടും എസ്‌ഐടി അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ച് നിലപാട് കടുപ്പിച്ചത്. അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാൻ ആകില്ലെന്നും കുറ്റപത്രം എന്ന് നൽകാൻ കഴിയുമെന്ന് S.I.T അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂൺ 29ന് മുമ്പായി സമഗ്ര അന്വേഷണ റിപ്പോർട്ട് നൽകണമെന്നും എസ് ഐ ടി ക്ക് ദേവസ്വം ബെഞ്ച് കർശന നിർദേശം നൽകി. ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കും.