കണ്ണൂർ: ലോകകപ്പ് ഫുട്ബോളിൽ കളത്തിലിറങ്ങാൻ ഇത്തവണ മലയാളി സാന്നിധ്യം. 26 അംഗ ഖത്തർ ടീമിലാണ് കണ്ണൂർ വളപട്ടണം സ്വദേശിയായ 19 കാരൻ തഹ്സിൻ മുഹമ്മദ് ജംഷീദ് ആദ്യ മലയാളിയായി ലോകകപ്പ് ഫുട്ബോൾ ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. സാധ്യത പട്ടികയിലുണ്ടായിരുന്ന തഹ്സിൻ ഉൾപ്പെടെയുള്ള സംഘത്തെ ഖത്തർ പ്രഖ്യാപിച്ചു.
ഖത്തർ ലീഗ് ടീമായ അൽ ദുഹൈലിന്റെ ഭാഗമായ തഹ്സിൻ സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ മലയാളിയെന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. അവധിക്ക് നാട്ടിലെത്തിയാൽ വളപട്ടണം തങ്ങള്‍വയലിലെ പുല്‍മൈതാനത്തും പയ്യാമ്പലത്തെ മണല്‍പ്പരപ്പിലും പന്ത് തട്ടുന്ന തഹ്സിന് മുഹമ്മദ് ജംഷീദ് ഇത്തവണ ലോകകപ്പ് മൈതാനത്ത് പന്ത് തട്ടും.
വളപട്ടണത്തെ പുരാതന തറവാടായ ചങ്ങളാംചാലിപ്പറത്ത് (കൊട്ടക്കാന്റെവീട്) കുടുംബത്തിന്റെ കണ്ണിയായ തഹ്സിന് ജനിച്ചതും വളര്‍ന്നതും ഖത്തറിലാണെങ്കിലും ഹൃദയത്തില്‍ എന്നും വളപട്ടണമുണ്ടായിരുന്നു. നാട്ടിലെത്തുമ്പോഴെല്ലാം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും പഴയ മൈതാനങ്ങളിലേക്ക് ഓടിയെത്താനും മറക്കാറില്ല. ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശേരി ഹിബാസിൽ ജംഷീദിന്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെ രണ്ടാമത്തെ മകനാണ് തഹ്സിൽ.
ചെറുപ്രായത്തിൽ തന്നെ ഫുട്ബോളിനെ നെഞ്ചോട് ചേർത്ത തഹ്സിൻ കുടുംബത്തോടൊപ്പം 2006 ലാണ് ഖത്തറിലേക്ക് യാത്രതിരിക്കുന്നത്. തുടർന്ന് ഖത്തറിലെ യൂത്ത് ടീമുകളുടെ ഭാഗമായ താരം ദേശീയ തലത്തിൽ അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കഴിവ് തെളിയിച്ചിരുന്നു. ഇടതു വിംഗറാ തഹ്സിൻ പ്രതിരോധനിരയെ കബളിപ്പിച്ച് ഗോളടിക്കുന്നതിലാണ് കൂടുതൽ ആവേശം.
ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും താരം മിടുക്കനാണ്. ഖത്തറിലെ പ്രശസ്തമായ ആസ്പയര് ഫുട്ബോള്‍ അക്കാദമിയിലൂടെയാണ് വളര്‍ന്നുവന്നത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു തഹ്സിനിന്റെ ആദ്യ ഏറ്റുമുട്ടൽ.
പിതാവിന്റെ സ്വപ്നം
മുന്‍ കേരള യൂത്ത് താരവും കാലിക്കറ്റ് സര്‍വകലാശാല ടീമിന്റെ ഉപനായകനുമായിരുന്ന ജംഷീദ് തന്നെയാണ് മകന്റെ കുഞ്ഞുപാദങ്ങളില്‍ ആദ്യമായി ബൂട്ടുകെട്ടിയത്. ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ജോപോള്‍ അഞ്ചേരിക്കൊപ്പം കളിച്ച ജംഷീദിന്റെ ഫുട്ബോള്‍ പാരമ്പര്യമാണ് മകനിലൂടെ ലോകവേദിയിലെത്തുന്നത്. പരിക്ക് കാരണം സ്വന്തം കരിയര്‍ പൂര്‍ത്തിയാക്കാനാകാതെ പോയ പിതാവിന്റെ സ്വപ്നമാണ് മകനിലൂടെ പൂർത്തിയാകുന്നത്.
ഖത്തറിന്റെ ലോകകപ്പ് ടീമില്‍ തഹ്സിന് ഇടംപിടിച്ചെന്ന വാര്‍ത്ത വളപട്ടണത്തിലും കണ്ണൂരിലും ആഘോഷമായി മാറിയിരിക്കുകയാണ്. തഹ്സിനൊപ്പം പന്തുതട്ടിയ കൂട്ടുകാര്‍ ലോകകപ്പില്‍ അവനെ കാണാനുള്ള കാത്തിരിപ്പിലാണ്. ഖത്തർ ജേഴ്സിയിൽ ഒരു മലയാളിതാരത്തെ കാണാൻ കഴിയുമെന്നത് മലയാളികൾ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.